ഇംഗ്ലണ്ടിലെ ഭൂരിഭാഗം പ്രദേശങ്ങള്‍ക്കുമായി ചൂട് മൂലമുള്ള മഞ്ഞ ആരോഗ്യ അലേര്‍ട്ട് പുറപ്പെടുവിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 30 സെല്‍ഷ്യസിലേക്ക് ഉയരുമെന്ന് വ്യക്തമായതോടെയാണ് ഈ മുന്നറിയിപ്പ്. ഒരു മേഖലയില്‍ ഒഴികെ മറ്റെല്ലാ ഭാഗങ്ങളിലും അലേര്‍ട്ട് നിലവിലുണ്ട്.
ചില മേഖലകളില്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ മേഖലയില്‍ സാരമായ പ്രത്യാഘാതം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച രാവിലെ മുതലാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയും, മെറ്റ് ഓഫീസും പുറപ്പെടുവിച്ച അലേര്‍ട്ട് നിലനില്‍ക്കുന്നത്.
താപനില 30 സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷ. സൗത്ത് ഈസ്റ്റ് മേഖലയിലാണ് ഈ താപനില കൂടുതല്‍ പ്രത്യക്ഷമാകുക. ഈ മേഖലയില്‍ ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, ഈസ്റ്റ് ഇംഗ്ലണ്ട്, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളിലും ഇതാകും സ്ഥിതി.
നോര്‍ത്ത് ഈസ്റ്റില്‍ മാത്രമാണ് മുന്നറിയിപ്പ് ഒഴിവാക്കിയിട്ടുള്ളത്. വെയില്‍ ആസ്വദിക്കാന്‍ ഇറങ്ങുന്നവര്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മെറ്റ് ഓഫീസ് വക്താക്കള്‍ പറഞ്ഞു. ഞായറാഴ്ച പൊതുവെ ഊഷ്മളമായ കാലാവസ്ഥയായിരിക്കും. അതിന് ശേഷമായിരിക്കും മദ്ധ്യ മേഖലയിലും തെക്കന്‍ മേഖലയിലും ഉഷ്ണ തരംഗത്തിന് സമാനമായ അവസ്ഥ സംജാതമാവുക.വ്യാഴാഴ്ചയോടെ ചെറിയ തോതില്‍ മഴ പെയ്യാനും സാധ്യത കല്‍പ്പിക്കപ്പെടുന്നു.