അയര്‍ലന്‍ഡിലും മലയാളി മേയര്‍; സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സില്‍ മേയര്‍ അങ്കമാലിക്കാരന്‍
ബ്രിട്ടനു പിന്നാലെ അയര്‍ലന്‍ഡിലും മലയാളി മേയര്‍. സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ പുതിയ മേയറായി അങ്കമാലി സ്വദേശിയായ ബേബി പെരേപ്പാടനെ തിരഞ്ഞെടുത്തു. അയര്‍ലന്‍ഡില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ മേയര്‍ സ്ഥാനത്തേക്ക് എത്തുന്നത്. ബേബി പെരേപ്പാടനെ സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ മേയറായാണ് തിരഞ്ഞെടുത്ത്.
കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ താല സൗത്ത് മണ്ഡലത്തില്‍ നിന്നാണ് ഭരണകക്ഷിയായ ഫിന ഗേലിന്റെ സ്ഥാനാര്‍ഥിയായ ബേബി പെരേപ്പാടന്‍ വിജയിച്ചത്. ഇന്നലെ ചേര്‍ന്ന കൗണ്ടി കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ മേയറുടെ അധികാര ചിഹ്നങ്ങള്‍ സ്വീകരിച്ചു. മുന്‍ മേയര്‍ അലന്‍ എഡ്ജില്‍ നിന്നുമാണ് ബേബി പെരേപ്പാടന്‍ മേയറുടെ അധികാര ചിഹ്നങ്ങള്‍ സ്വീകരിച്ചത്. വിജയിച്ച കൗണ്‍സില്‍ അംഗങ്ങള്‍ വ്യാഴാഴ്ച യോഗം ചേര്‍ന്ന് ബേബി പെരേപ്പാടനെ ഏകകണ്ഠമായി മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയായിരുന്നു. അങ്കമാലിയിലെ പുളിയനമാണ് ബേബി പെരേപ്പാടന്റെ സ്വദേശം.
അച്ചനൊപ്പം തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയ മകന്‍ ഡോ. ബ്രിട്ടോ പെരേപ്പാടനും കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചിച്ചിട്ടുണ്ട്. ഡോ. ബ്രിട്ടോ പെരേപ്പാടന്‍ താല സെന്‍ട്രെലില്‍ നിന്നുമാണ് ജയിച്ചു കയറിയത്. ബ്രിട്ടോ താല ഹോസ്പിറ്റലിലെ ഡോക്ടറാണ്. കഴിഞ്ഞ 20 വര്‍ഷമായി മറ്റു പാര്‍ട്ടികള്‍ കൈയടക്കി വച്ചിരുന്ന താല സെന്‍ട്രല്‍ സീറ്റാണ് ഫിനഗേല്‍ പാര്‍ട്ടിക്കായി ഡോ. ബ്രിട്ടോ തിരിച്ചു പിടിച്ചത്. പൊതുപ്രവര്‍ത്തനരംഗത്തു ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു വരുന്ന ഇദ്ദേഹത്തിന്റെ പാതയിലാണ് ഇപ്പോള്‍ മകന്‍ ഡോ. ബ്രിട്ടോയും
ബേബി പെരേപ്പാടന്‍ നിലവില്‍ താല സൗത്ത് കൗണ്‍സിലറാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി അയര്‍ലന്‍ഡിലുള്ള ബേബി പെരേപ്പാടന്‍ ഏവര്‍ക്കും സുപരിചിതനാണ്. 2019ലെ മത്സരത്തില്‍ ബേബി പെരേപ്പാടന്‍, താല സൗത്തില്‍ 25 വര്‍ഷമായി മറ്റു പാര്‍ട്ടികള്‍ കൈയടക്കി വച്ച സീറ്റാണ് അന്ന് ഫിനഗേല്‍ പാര്‍ട്ടിക്കായി തിരിച്ചുപിടിച്ചത്.
ഇതേ സീറ്റിലാണ് ബേബി പെരേപ്പാടന്‍ വീണ്ടും വിജയിച്ചത്. ബേബി പെരേപ്പാടന്റെ ഭാര്യ അങ്കമാലി മൂര്‍ക്കന്നൂര്‍ സ്വദേശി ജിന്‍സി ഡബ്ലിന്‍ ബ്യുമോണ്ട് ഹോസ്പിറ്റലില്‍ അഡ്വാന്‍സ്ഡ് നഴ്‌സ് പ്രാക്റ്റീഷനറാണ്. ഇവരുടെ മകള്‍ ബ്രോണ ഡബ്ലിന്‍ ട്രിനിറ്റി കോളജില്‍ ഡെന്റല്‍ മെഡിസിന്‍ നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.
താല സെന്‍ട്രലില്‍ വിജയിച്ച ബ്രിട്ടോ നല്ലൊരു കലാകാരന്‍ കൂടിയാണ്. നല്ലൊരു ഗായകനായ ഇദ്ദേഹം സ്‌കൂള്‍ തലം മുതല്‍ മത്സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. സൂറിച്ചില്‍ നടന്ന കേളി കലാമേളയില്‍ ഫാ. ആബേല്‍ അവാര്‍ഡ്, യൂറോപ് യൂത്ത് ഐക്കണ്‍ അവാര്‍ഡ് അയര്‍ലന്‍ഡില്‍ ബെസ്റ്റ് മെയില്‍ സിംഗര്‍ അവാര്‍ഡ് തുടങ്ങിയവ കരസ്ഥമാക്കിയിട്ടുണ്ട്.