ചാള്‍സ് രാജാവിനും കെയ്റ്റ് രാജകുമാരിയ്ക്കും അടുത്തിടെ കാന്‍സര്‍ സ്ഥിരീകരിച്ചതോടെ രാജാവിനും വെയ്ല്‍സ് രാജകുമാരന്‍ വില്യമിനും ചുമതലകളില്‍ നിന്നും തത്ക്കാലത്തേക്ക് വിട്ടു നില്‍ക്കേണ്ട സാഹചര്യം വന്നിരുന്നു. ഇതേ തുടര്‍ന്ന് താല്‍ക്കാലികമായി രാജകീയ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത് ചാള്‍സ് രാജാവിന്റെ സഹോദരി ആന്‍ രാജകുമാരിയായിരുന്നു. അതിനിടയിലാണ് രാജാവിന്റെ താത്ക്കാലിക ചുമതലകള്‍ നിര്‍വഹിച്ചു വരികയായിരുന്ന, ആന്‍ രാജകുമാരിക്ക് കുതിരയുടെ ചവിട്ടേറ്റ് പരിക്കേല്‍ക്കുന്നത്.
ഗ്ലോസ്റ്റര്‍ഷയറിലെ തന്റെ ഗാറ്റ് കോമ്പ് പാര്‍ക്ക് എസ്റ്റേറ്റില്‍ വെച്ച് ഒരു കുതിര രാജകുമാരിയെ തൊഴിക്കുകയായിരുന്നു. തലയ്ക്കും കാലിനും പരിക്കേറ്റ രാജകുമാരിക്ക് ചില ഔദ്യോഗിക യോഗങ്ങളില്‍നിന്നും പരിപാടികളില്‍ നിന്നും മാറി നില്‍ക്കേണ്ടതായി വരുമെന്ന് ഒരു മുന്‍ ജീവനക്കാരന്‍ പറഞ്ഞതായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1976 ലെ മോണ്‍ട്രിയല്‍ ഒളിമ്പിക്സില്‍ പങ്കെടുത്തിട്ടുള്ള 73 കാരിയായ രാജകുമാരി കുതിരയോട്ടത്തില്‍ അതീവ വൈദഗ്ധ്യം ഉള്ള വ്യക്തിയാണ്. രാവിലെ നടക്കാന്‍ ഇറങ്ങിയതിനിടയിലാണ് അപകടം .
എമര്‍ജന്‍സി സര്‍വ്വീസുകള്‍ സംഭവസ്ഥലത്ത് എത്തുകയും രാജകുമാരിക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കുകയും ചെയ്തു. അതിനു ശേഷം അവരെ വിവിധ പരിശോധനകള്‍ക്കും, ചികിത്സയ്ക്കും നിരീക്ഷണത്തിനുമായി ആശുപത്രിയിലെക്ക് മാറ്റുകയും ചെയ്തു. ഈയാഴ്ച ചുരുങ്ങിയത് ഒന്‍പത് ഔദ്യോഗിക പരിപാടികള്‍ എങ്കിലും രാജകുമാരിക്ക് ഒഴിവാക്കേണ്ടി വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ .