കുമ്പ്രിയ: കാന്‍സര്‍ ബാധിച്ചു മരണത്തിനു കീഴടങ്ങിയ മലയാളി നഴ്സ് ഷൈനി ജോഷിയുടെ സംസ്‌കാരം ഈമാസം 28ന് (വെള്ളിയാഴ്ച) നടക്കും. ഷൈനിയുടെ മൃതശരീരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് പെന്റിത്തിലെ സെയിന്റ് കാതറീന്‍ പള്ളിയില്‍ കൊണ്ടുവരും. തുടര്‍ന്ന് ഒരു മണിക്കൂര്‍ കുടുംബാംഗങ്ങള്‍ക്കും, ബന്ധുമിത്രാദികള്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരം ഉണ്ടായിരിക്കും. മൃതസംസ്‌കാര ശുശ്രൂഷകള്‍ 11:15 ന് ഫാ. ജോണ്‍, ഫാ. അജീഷ്, ഫാ. ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന്, 1:15ന് പെന്റിത്തിലേ കാത്തലിക് സെമിത്തേരിയില്‍ മൃതസംസ്‌കാരം നടക്കും.
ഷൈനിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ വരുന്നവര്‍ പൂക്കളോ ബൊക്കെയോ കൊണ്ടുവരേണ്ടതില്ല എന്ന് കുടുംബം അറിയിച്ചു. പകരം, ഷൈനിയുടെ ആഗ്രഹപ്രകാരം അതിനുള്ള പണം താല്‍പര്യമുള്ളവര്‍ക്ക് ഷൈനിയുടെ ചാരിറ്റി ഫണ്ട് ബോക്‌സില്‍ നിക്ഷേപിക്കാന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഷൈനിയുടെ ആത്മശാന്തിക്കായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും കുടുംബം അഭ്യര്‍ത്ഥിച്ചു. മൃതസംസ്‌കാര ശുശ്രൂഷയ്ക്ക് വരുന്നവര്‍ക്കായി റിഫ്രഷ്മെന്റ് പള്ളിയുടെ പാരീഷ് ഹാളില്‍ ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പാലാ രാമപുരം സ്വദേശിനിയാണ് ഷൈനി ജോഷി. ഷൈനിയുടെ രണ്ടു മക്കളും വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടയിലാണ് അമ്മയുടെ മരണം എത്തിയത്. നേഹ, റിയ എന്നിവരാണ് മക്കള്‍. മൂത്ത മകള്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിനിയും രണ്ടാമത്തെ കുട്ടി ജിസിഎസ്ഇ വിദ്യാര്‍ത്ഥിയുമാണ്. ഏതാനും നാളുകളായി കാന്‍സര്‍ സ്ഥിരീകരിച്ചതാണെങ്കിലും പൊടുന്നനെ രോഗനില വഷളാകുക ആയിരുന്നു. ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന മാത്യു വഴക്കുളത്തിന്റെ പത്നി ഷൈനിയുടെ സഹോദരിയാണ്.
ദേവാലയത്തിന്റെ വിലാസം
St.Catherine Catholic Church, Penrith, CA11 9EL, Cumbria
സെമിത്തേരിയുടെ വിലാസം
Beacon Edge, Penrith, CA11 7RZ, Cumbria