ലെസ്റ്റര്‍ ഈസ്റ്റിലെ സീറ്റില്‍ നിന്നും ഇക്കുറി വീണ്ടും തെരഞ്ഞെടുക്കപ്പെടാന്‍ ഉറപ്പിച്ചാണ് മുന്‍ എംപി കീത്ത് വാസിന്റെ പോരാട്ടം. ഭരണം പിടിക്കുമെന്ന് കരുതുന്ന ലേബര്‍ പാര്‍ട്ടി തങ്ങളുടെ മുന്‍ എംപിക്ക് എതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തതിനാല്‍ വാസിന് ഇത് ഗുണം ചെയ്യുമെന്നാണ് ആരോപണം.
2022-ലെ ഹിന്ദു-മുസ്ലീം കലാപങ്ങളില്‍ പെട്ട വൈവിധ്യാത്മകമായ മേഖലയില്‍ നിന്നും വണ്‍ ലെസ്റ്റര്‍ സ്ഥാനാര്‍ത്ഥിയായാണ് 67-കാരനായ വാസ് മത്സരിക്കുന്നത്. ബോളിവുഡ് താരമായ ശില്‍പ്പാ ഷെട്ടി കഴിഞ്ഞ വീക്കെന്‍ഡില്‍ വാസിനൊപ്പം പ്രചരണ പരിപാടിയില്‍ പങ്കെടുത്തു.
32 വര്‍ഷക്കാലം ഈ സീറ്റില്‍ നിന്നും ലേബര്‍ എംപിയായിരുന്ന കീത്ത് വാസ് ലൈംഗിക തൊഴിലാളികള്‍ക്ക് കൊക്കെയിന്‍ വാങ്ങിനല്‍കിയതിന്റെ പേരിലും, സ്റ്റാന്‍ഡേര്‍ഡ്സ് കമ്മീഷണറുടെ അന്വേഷണങ്ങള്‍ തടസ്സപ്പെടുത്തിയതിനും ആറ് മാസം ഹൗസ് ഓഫ് കോമണ്‍സില്‍ നിന്നും വിലക്ക് നേരിട്ടിരുന്നു. രണ്ടാഴ്ച മുന്‍പ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോഴും കീത്ത് വാസ് ലേബര്‍ പാര്‍ട്ടി അംഗമായിരുന്നു. സ്വതന്ത്ര എംപി ക്ലോഡിയ വെബ്ബെയ്ക്ക് എതിരെയാണ് ഇവിടെ മത്സരം. ലണ്ടന്‍ ഡെപ്യൂട്ടി മേയര്‍ രാജേഷ് അഗര്‍വാളാണ് ലേബര്‍ സ്ഥാനാര്‍ത്ഥി.