നഴ്സിങ് പഠിക്കാന്‍ ഉള്ള തീവ്രമായ ആഗ്രഹവും ആയി സ്‌കോളര്‍ഷിപ്പ് നേടി യുകെയില്‍ എത്തിയ മലയാളി വിദ്യാര്‍ത്ഥിനി ഹെലേന മരിയ സിബിക്ക് നാളെ കാര്‍ഡിഫില്‍ അന്ത്യാഞ്ജലി. ഇക്കഴിഞ്ഞ ഏപ്രിലില്‍ സൗത്ത് വെയ്ല്‍സ് യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി നഴ്സിങ് കോഴ്സിന് സൗജന്യ പ്രവേശനം ലഭിച്ച നിലമ്പൂര്‍ സ്വദേശിനിയായ 20 കാരി ഹെലേനയ്ക്ക് യുകെയില്‍ എത്തി ഒരു മാസത്തിനകം ഉണ്ടായ കാര്‍ അപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് കാര്‍ഡിഫ് ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു.
പുലര്‍ച്ചെ ആറുമണിയോടെ സുഹൃത്തുക്കള്‍ക്കുമൊപ്പം കാറില്‍ സഞ്ചരിക്കവേ കാര്‍ റോഡില്‍ നിന്നും തെന്നിമാറി ഇടിച്ചാണ് ഹെലേനയ്ക്കും സുഹൃത്തുക്കള്‍ക്കും പരുക്കേറ്റത്. അപകടത്തിന്റെ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും പുറത്തു വന്നിട്ടില്ല. അതേസമയം അപകടത്തില്‍ പരുക്കേറ്റ മറ്റു രണ്ടു വിദ്യാര്‍ത്ഥിനികള്‍ സാധാരണ നിലയിലേക്ക് മടങ്ങിയിട്ടുണ്ട്.
അപകട വിവരമറിഞ്ഞു കേരള പോലീസില്‍ ഉദ്യോഗസ്ഥന്‍ ആയിരുന്ന പിതാവും മാതാവും ദിവസങ്ങള്‍ക്കകം മകളെ ശുശ്രൂഷിക്കാന്‍ യുകെയില്‍ എത്തിയിരുന്നു. എന്നാല്‍ ഒന്നര മാസത്തോളം വെന്റിലേറ്ററില്‍ കഴിഞ്ഞിട്ടും അപകടം സൃഷ്ടിച്ച പരുക്കുകളില്‍ നിന്നും ഹെലേനയ്ക്ക് മോചനമുണ്ടായില്ല. ഒടുവില്‍ ജീവിതത്തിലേക്ക് മടക്കമില്ലെന്നു മനസിലായതോടെയാണ് ഡോക്ടര്‍മാര്‍ കഴിഞ്ഞ ആഴ്ച മരണം സ്ഥിരീകരിച്ചത്.
തങ്ങളുടെ മകള്‍ നഴ്സായി കാണാന്‍ ആണ് ആഗ്രഹിച്ചതെങ്കിലും അവളെ ജീവിതത്തിലേക്ക് മടക്കി വിളിക്കാന്‍ കാര്‍ഡിഫ് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് കണ്ണീരോടെ ആദരവും നന്ദിയും അര്‍പ്പിച്ചാണ് ഹെലേനയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ദിവസം കേരളത്തിലേക്കു മടങ്ങിയത്. നാളെ നടക്കുന്ന പ്രാര്‍ത്ഥന ചടങ്ങില്‍ യൂണിവേഴ്സിറ്റി അധികൃതരും ഹെലേനയുടെ കൂട്ടുകാരും പങ്കെടുക്കും, നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം വരും ദിവസങ്ങളില്‍ തന്നെ നാട്ടിലേക്ക് യാത്രയാകും.