ബെഡ്‌ഫോര്‍ഡ് മലയാളികളെ ദുഃഖത്തിലാഴ്ത്തി കാലടി സ്വദേശി വെയര്‍ഹൗസ് ജോലിക്കിടെയുണ്ടായ അപകടത്തില്‍ മരണമടഞ്ഞു. ശനിയാഴ്ച ഉച്ചയോടെ ബെഡ്‌ഫോര്‍ഡിലെ വെയര്‍ ഹൗസില്‍ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ കാലടി സ്വദേശിയായ റെയ്ഗന്‍ ജോസ് ആണ് മരണമടഞ്ഞത്.
ജോലിക്കിടെ ഭാരമുള്ള വസ്തു മുകളില്‍ നിന്നും ദേഹത്തേക്ക് പതിക്കുക ആയിരുന്നു എന്ന് പറയപ്പെടുന്നു. റെയ്ഗന്‍ യുകെയില്‍ എത്തിയിട്ട് വെറും അഞ്ചു മാസമേ ആയിരുന്നുള്ളൂ. ബെഡ്‌ഫോര്‍ഡ് ഹോസ്പിറ്റലില്‍ നഴ്‌സ് ആയി എത്തിയ സ്റ്റീനയുടെ ഭര്‍ത്താവ് ആണ് റെയ്ഗന്‍. തൃശൂര്‍ സ്വദേശിനിയായ സ്റ്റീനയും അടുത്തകാലത്താണ് യുകെയില്‍ എത്തിയത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്, ഇവ.
കാലടി കൊറ്റമം മണവാളന്‍ ജോസിന്റെയും റീത്തയുടെയും മൂന്നു മക്കളില്‍ ഒരാളാണ് റെയ്ഗന്‍. ഇരട്ടകളായ ഇദ്ദേഹത്തിന്റെ സഹോദരന്‍ പുരോഹിതനായി സേവനം ചെയ്യുകയാണ്. ഇളയ സഹോദരന്‍ ഡോണ്‍.
നിയമനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനു വേണ്ടി മൃതദേഹം ബെഡ്‌ഫോര്‍ഡ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍മരണങ്ങളുടെ ഞെട്ടലില്‍ കഴിയുന്ന യുകെ മലയാളികള്‍ക്കു വേദനയായി എത്തിയ ഒടുവിലത്തെ വിയോഗമാണ് റെയ്ഗന്റെത്.
ബെഡ്‌ഫോര്‍ഡിനടുത്തു സെന്റ് നോട്‌സില്‍ താമസമാക്കിയിരുന്ന ചങ്ങനാശേരി മാമ്മൂട് സ്വദേശി ജോജോ ഫ്രാന്‍സിസ്(52) രണ്ടു ദിവസം മുമ്പാണ് മരിച്ചത്.