ബ്രിട്ടന്റെ അധികാരം അടുത്ത അഞ്ചുവര്‍ഷം ആര്‍ക്കെന്നു നിശ്ചയിക്കാനുള്ള ജനവിധി ഇന്ന്. രാവിലെ ഏഴു മുതല്‍ രാത്രി പത്തു മണിവരെയാണ് വോട്ടെടുപ്പ്. 46 മില്യണ്‍ പേര്‍ക്കാണ് വോട്ടവകാശം ഉള്ളത്. 650 മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പു നടന്നത്. കേവല ഭൂരിപക്ഷത്തിന് 326 സീറ്റ് വേണം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മികച്ച വിജയം നേടിയ കഴിഞ്ഞ (2019) തിരഞ്ഞെടുപ്പില്‍ 67.3 % ആയിരുന്നു പോളിങ്.
14 വര്‍ഷം ഭരണത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിയുമെന്നാണ് എല്ലാ അഭിപ്രായ സര്‍വേകളിലെയും പ്രവചനം. മികച്ച ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ കീര്‍ സ്റ്റാര്‍മര്‍ പ്രധാനമന്ത്രിയാകുമെന്നും ഉറപ്പിക്കുന്നതാണു പ്രവചനങ്ങള്‍.
ടോറി പാര്‍ട്ടിയെ നയിക്കുന്നത് പ്രധാനമന്ത്രി റിഷി സുനാകാണ്. ഡിസംബര്‍ വരെ കാലാവധി ഉണ്ടായിരുന്നിട്ടും മേയ് അവസാനം സുനാക് നേരത്തേ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. ബ്രിട്ടന്റെ സാമ്പത്തികരംഗം ഇനിയും മോശമാകാനാണു സാധ്യത എന്നു കണ്ടാണു നേരത്തേ വോട്ടെടുപ്പു പ്രഖ്യാപിച്ചതെന്നു ചിലര്‍ കരുതുന്നു. ഇംഗ്ലിഷ് ചാനല്‍ വഴി അനുദിനം വര്‍ധിക്കുന്ന അനധികൃത കുടിയേറ്റമാണു മറ്റൊരു മുഖ്യപ്രശ്നം. അഭയാര്‍ഥികളെ റുവാണ്ടയിലേക്കു നാടുകടത്താനുള്ള സുനകിന്റെ പദ്ധതി വിവാദമായിരുന്നു. സാമ്പത്തികം, ആരോഗ്യം, കുടിയേറ്റം എന്നിവയാണു മുഖ്യ തിരഞ്ഞെടുപ്പു വിഷയങ്ങള്‍.
ഈ തിരഞ്ഞെടുപ്പില്‍ എല്ലാവരും ഉറ്റുനോക്കുന്ന പ്രകടനം നിജര്‍ ഫരാഗെ നയിക്കുന്ന റിഫോം യുകെ എന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയുടേതാണ്. 2018 ല്‍ ബ്രെക്സിറ്റ് പാര്‍ട്ടി എന്ന പേരിലാണ് ഇതു നിലവില്‍ വന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ടോറി പാര്‍ട്ടിയുടെ സിറ്റിങ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. 2019 ല്‍ ഒറ്റ സീറ്റും കിട്ടാതിരുന്ന, കടുത്ത കുടിയേറ്റവിരുദ്ധ നിലപാടുള്ള ഈ പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ അണികളുടെകൂടി വോട്ടു ചോര്‍ത്തി രണ്ടാമതെത്തുമെന്നാണു പ്രവചനം.
ഭരണകക്ഷിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണുള്ളത്. വോട്ടിങ്ങില്‍ ഇതു ലേബര്‍ പാര്‍ട്ടിക്കും റിഫോം പാര്‍ട്ടിക്കുമായി വിഭജിച്ചുപോകും. അഭിപ്രായ വോട്ടെടുപ്പുകളില്‍ 20% പിന്തുണ മാത്രമാണു സുനാകിന്റെ കക്ഷിക്കുള്ളത്. ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായിരിക്കേ കോവിഡ് ലോക്ഡൗണ്‍ കാലത്തു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിശാവിരുന്നുകള്‍ സംഘടിപ്പിച്ചതു സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ത്തു. ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ നുണ പറഞ്ഞതിനു ബോറിസിനു 2022 ല്‍ രാജി വയ്ക്കേണ്ടിവന്നു. പിന്നാലെ വന്ന ലിസ് ട്രസിന് 6 ആഴ്ച മാത്രമേ ഭരിക്കാനായുള്ളൂ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം പുറത്തു വന്ന സര്‍വ്വേഫലങ്ങള്‍ ഒക്കെയും ടോറികള്‍ക്ക് എതിരായിരുന്നു. 70 മുതല്‍ 150 സീറ്റുകള്‍ വരെയാകും ടോറികള്‍ക്ക് നേടാനാവുക എന്നായിരുന്നു മിക്ക സര്‍വ്വേകളുടെയും ഫലം.
പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ പാര്‍ട്ടി നേതൃസ്ഥാനവും റിഷിക്കു നഷ്ടമാകും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നിയമാവലി അനുസരിച്ച് പാര്‍ട്ടി നേതാവിനെ പാര്‍ലമെന്റംഗങ്ങളില്‍ നിന്നാണ് തെരഞ്ഞെടുക്കേണ്ടത്. സാമ്പത്തിക തിരിച്ചടികളും അത് പരിഹരിക്കാനായുള്ള നടപടികളും ആണ് സുനാകിനു എതിരെ ജനരോഷം ഉയരാനുള്ള കാരണം.