രാജ്യത്തുടനീളമുള്ള മണ്ഡലങ്ങളില്‍ കനത്ത തിരിച്ചടി നേരിടുന്ന ടോറി പാര്‍ട്ടിയ്ക്ക് അവരുടെ മന്ത്രിമാരടക്കം പ്രമുഖര്‍ വീഴുന്നതിനു സാക്ഷിയാകേണ്ടിവന്നു. പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്‌സ് ആണ് ആദ്യം വീണ വന്‍മരം . വെല്‍വിന്‍ ഹാറ്റ്ഫീല്‍ഡ് മണ്ഡലത്തില്‍ 3000 വോട്ടുകള്‍ക്കാണ് ഷാപ്‌സ് ലേബര്‍ സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പില്‍ ലേബര്‍ വിജയിച്ചു എന്നതിനേക്കാള്‍ കണ്‍സര്‍വേറ്റീവുകള്‍ തോറ്റു എന്ന് പറയുന്നതാവും ശരി എന്നായിരുന്നു ഫലം വന്ന ഉടനെ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും, ഒളിപ്പോരുകളും കാരണം ജനങ്ങള്‍ക്ക് ടോറികളെ മടുത്തു എന്നും അദ്ദേഹം പറഞ്ഞു.
ഷാപ്‌സിന്റെ ഫല പ്രഖ്യാപനം വരുന്നതിന് തൊട്ടു മുന്‍പായിരുന്നു ചിചെസ്റ്ററില്‍ വെല്‍ഷ് സെക്രട്ടറി ഗില്ലിയന്‍ കീഗന്‍ ലിബറല്‍ ഡെമോക്രാറ്റുകളോട് പരാജയപ്പെട്ടു എന്ന വാര്‍ത്ത വന്നത്. എന്നാല്‍, മുന്‍ നേതാവ് ഇയാന്‍ ഡന്‍കന്‍ സ്‌മിത്ത് എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ചിംഗ്ഫോര്‍ഡില്‍ വിജയിക്കുകയും ചെയ്‌തു. ജോണി മേര്‍സറേയും തെരെസെ കോഫിയേയും ലെബര്‍ സ്ഥാനാര്‍ത്ഥികള്‍ തോല്‍പിച്ചു. 16 ക്യാബിനറ്റ് മന്ത്രിമാര്‍ ആണ് ഇതുവരെ വീണത്.
മുന്‍ ക്യാബിനറ്റ് മന്ത്രി റോബര്‍ട്ട് ബക്ക്ലാന്‍ഡിനെ 9000 വോട്ടുകളുടെ വ്യത്യാസത്തിലാണ് ലേബര്‍ പാര്‍ട്ടിയിലെ ഹീദി അലക്‌സാണ്ഡര്‍ തോല്‍പ്പിച്ചത്. പല മണ്ഡലങ്ങളിലും ടോറി പാര്‍ട്ടിയുടെ വോട്ടുകള്‍ റിഫോം യു കെയിലേക്ക് ഒലിച്ചു പോയി . ജസ്റ്റിസ് സെക്രട്ടറി അലക്‌സ് ചോക്ക് ചെല്‍ട്ടന്‍ഹാമിലും പരാജയപ്പെട്ടു.
കോമണ്‍സ് നേതാവ് പെന്നി മോര്‍ഡന്റും തോറ്റു. 2022-ല്‍ പാര്‍ട്ടിയുടെ നേതൃത്വത്തിന് വേണ്ടി നിലകൊണ്ട പെന്നി പോര്‍ട്‌സ്മൗത്ത് നോര്‍ത്തില്‍ 15,000-ത്തിലധികം വോട്ടുകള്‍ക്കാണ് വീണത് .