യു.കെ.വാര്‍ത്തകള്‍

റിഷി സുനാക് രാജിവെച്ചു; കീര്‍ സ്റ്റാര്‍മര്‍ പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി


ലണ്ടന്‍: തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനാക് രാജിവെച്ചു. ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് റിഷി സുനാക് തന്റെ രാജിക്കത്ത് കൈമാറി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനാക് ഒഴിഞ്ഞു. 14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. തുടര്‍ന്ന് സ്റ്റാര്‍മറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാള്‍സ് രാജാവ് നിയമിച്ചു.

412 സീറ്റുകള്‍ പിടിച്ചാണ് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 121 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയാകും സ്റ്റാര്‍മറിന്റെ മുന്നിലുള്ള പ്രധാന വെല്ലുവളി.

അഭിപ്രായ സര്‍വേകളെയും എക്സിറ്റ് പോളുകളെയും ശരിവച്ചു ലേബര്‍ പാര്‍ട്ടി വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവുകള്‍ക്കു കനത്ത തോല്‍വി നേരിടുമെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് ആദ്യ ഫലങ്ങള്‍ പുറത്തു വരുന്നത്. ഇതുവരെ പുറത്തു വന്ന ഫലങ്ങളില്‍ മഹാഭൂരിപക്ഷവും നേടിയത് ലേബര്‍ ആണ്. കണ്‍സര്‍വേറ്റീവുകളുടെ കുത്തക സീറ്റുകള്‍ അവര്‍ പിടിച്ചെടുത്തു ടോറികളെക്കാള്‍ നൂറ്റി എഴുപതിലേറെ സീറ്റുകളില്‍ ലേബര്‍ പാര്‍ട്ടി ലീഡ് ചെയ്യുകയാണ്. പല മണ്ഡലങ്ങളിലും ടോറികളെ പിന്നിലാക്കി റിഫോം യുകെ രണ്ടാമതെത്തി.


ഹഫ്ണ്‍ ആന്‍ഡ് സന്ദര്‍ലാന്‍ഡ് സൗത്തിലെ സീറ്റ് നിലനിര്‍ത്തിക്കൊണ്ടാണ് ലേബര്‍ പാര്‍ട്ടിയുടെ തേരോട്ടം ആരംഭിച്ചത്. ലേബര്‍ അധികാരത്തിലെത്തിയാല്‍ വിദ്യാഭ്യാസ സെക്രട്ടറിയാകുമെന്ന് കരുതപ്പെടുന്ന ബ്രിഡ്ജറ്റ് ഫിലിപ്‌സണ്‍ ആണ് വന്‍ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തിയിരിക്കുന്നത്. ലേബര്‍ പാര്‍ട്ടി 18,847 വോട്ടുകള്‍ നേടിയപ്പോള്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേടാനായത് 5,514 സീറ്റുകള്‍ മാത്രമായിരുന്നു. ഭരണകക്ഷിക്ക് ഭീഷണിയായി എത്തിയ റിഫോം യു കെ പാര്‍ട്ടിക്ക് ഇവിടെ 11,668 വോട്ടുകള്‍ നേടി ടോറികള്‍ക്ക് മുന്‍പില്‍ എത്താനായി.

തൊട്ടു പിന്നാലെ വന്നത് ബ്ലിത്ത് ആന്‍ഡ് ആഷിംഗ്ടണില്‍ നിന്നുള്ള ഫലം ആയിരുന്നു. ഇവിടെ 20,030 വോട്ടുകള്‍ നേടി ലേബര്‍ പാര്‍ട്ടിയിലെ സിറ്റിംഗ് എം പി ആയ ഇയാന്‍ ലാവെറി വിജയിച്ചു. ഇവിടെയും റിഫോം യു കെ രണ്ടാം സ്ഥാനത്തെത്തി. റിഫോം യു കെ പാര്‍ട്ടി 10,857 വോട്ടുകള്‍ നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ലഭിച്ചത് വെറും 6,121 വോട്ടുകള്‍ മാത്രമാണ്.

സന്ദര്‍ലാന്‍ഡ് സെന്‍ട്രലിലെ ഫലവും ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. ഇവിടെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് പാര്‍ട്ടിയെ കാത്തിരിക്കുന്നത് എന്നത് ഉറപ്പായിരിക്കുകയാണ്. സ്വിന്‍ഡണ്‍ സൗത്ത് സീറ്റ് കണ്‍സര്‍വേറ്റീവുകളില്‍ നിന്നും പിടിച്ചെടുത്തുകൊണ്ട് ലേബര്‍ടി കരുത്തു തെളിയിച്ചു. ഇവിടെ കണ്‍സര്‍വേറ്റീവുകള്‍ക്ക് രണ്ടാം സ്ഥാനത്ത് എത്താന്‍ കഴിഞ്ഞു എന്നത് മാത്രമാണ് നേരിയ ആശ്വാസം.

ന്യൂ കാസില്‍ അപ്പോണ്‍ ടൈന്‍ സീറ്റിലും ലേബര്‍ പാര്‍ട്ടി വിജയിച്ചതോടെ ആദ്യം ഫലം പ്രഖ്യാപിച്ച അഞ്ചില്‍ അഞ്ച് സീറ്റിലും ലേബര്‍ സ്ഥാനാര്‍ത്ഥികള്‍ ഉജ്ജ്വല വിജയം വരിച്ചു. എന്നാല്‍, വാഷിംഗ്ടണ്‍ ആന്‍ഡ് ഗെയ്റ്റ്ഷെഡില്‍ ലേബര്‍ കൈവരിച്ച വിജയത്തേക്കാള്‍ കണ്‍സര്‍വേറ്റീവുകളെ ഞെട്ടിച്ചത് റിഫോം യു കെ പാര്‍ട്ടി നേടിയ വോട്ടുകളുടെ പകുതി പോലും നേടാനാകാതെ മൂന്നാം സ്ഥാനത്ത് എത്തി എന്നതാണ്. 17,682 വോട്ടുകള്‍ ലേബര്‍ സ്ഥാനാര്‍ത്ഥി ഷാരോണ്‍ ഹോഡ്സണ്‍ നേടിയപ്പോള്‍, റിഫോം പാര്‍ട്ടി 10,762 വോട്ടുകള്‍ നേടി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് നേടാനായത് 4,654 വോട്ടുകള്‍ മാത്രവും.

ഗെയ്റ്റ്ഷെഡ് സെന്‍ട്രല്‍ ആന്‍ഡ് വിക്കാമിലും, ക്രാംലിംഗ്ടണ്‍ ആന്‍ഡ് കില്ലിംഗ്‌വര്‍ത്തിലും ലേബര്‍ പാര്‍ട്ടി വിജയിച്ചപ്പോള്‍, ഭരണകക്ഷി മൂന്നാം സ്ഥാനത്തേക്ക് മാറി. ഒട്ടുമിക്ക നിയോജകമണ്ഡലങ്ങളിലും ശക്തമായ സ്വാധീനമാകാന്‍ ഈ തെരഞ്ഞെടുപ്പോടെ റിഫോം യു കെ പാര്‍ട്ടിക്ക് കഴിഞ്ഞു.

സൗത്ത് ഷീല്‍ഡ്സ് മണ്ഡലമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ ഏറെ നാണം കെടുത്തിയത്. ഇവിടെ ലേബര്‍ പാര്‍ട്ടിയുടെ എമ്മ ല്യൂവെല്‍ ബക്ക് 15,122 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ 8,469 വോട്ടുകള്‍ നേടി റിഫോം യു കെ രണ്ടാം സ്ഥാനത്ത് എത്തി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇവിടെ ലഭിച്ചത് നാലാം സ്ഥാനം മാത്രം. 5,433 വോട്ടുകള്‍ നേടി ഗ്രീന്‍ പാര്‍ട്ടിയാണ് ഇവിടെ മൂന്നാം സ്ഥാനത്തുള്ളത്. ഇവിടെ കണ്‍സര്‍വേറ്റീവുകള്‍ക്ക് നേടാനായത് 4,128 വോട്ടുകള്‍ മാത്രം.

ഹാരോഗേറ്റ് ആന്‍ഡ് നെയേഴ്സ് ബറോയില്‍ ലിബറല്‍ ഡെമോക്രാറ്റുകള്‍ അവരുടെ ആദ്യ വിജയം രേഖപ്പെടുത്തി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ ഈ സീറ്റ് പിടിച്ചെടുത്തത്. ഇവിടെ രണ്ടാം സ്ഥാനത്ത് എത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കഴിഞ്ഞു. റിഫോം യു കെ മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ലെബര്‍ പാര്‍ട്ടിക്ക് നാലാം സ്ഥാനമെ ലഭിച്ചുള്ളു.

കണ്‍സര്‍വേറ്റീവുകള്‍ക്ക് ആശ്വാസ വിജയം വന്നത് റെലി ആന്‍ഡ് വിക്ക്ഫോര്‍ഡ് നിലനിര്‍ത്താനായി എന്നതിലാണ്. 17,756 വോട്ടുകള്‍ നേടിയാണ് കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥി ഈ സീറ്റ് നിലനിര്‍ത്തിയത്. റിഫോം യു കെ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തി. അതിനിടയില്‍ നനീറ്റന്‍ മണ്ഡലം കണ്‍സര്‍വേറ്റീവുകളില്‍ നിന്നും ലേബര്‍ പാര്‍ട്ടി പിടിച്ചെടുത്തു. ഡാര്‍ലിംഗ്ടണ്‍ മണ്ഡലത്തിലും ലേബര്‍ പാര്‍ട്ടിക്കാണ് ജയം.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions