റിഷി സുനാക് യുഗം അവസാനിച്ചു; പാര്‍ട്ടി നേതൃസ്ഥാനത്തേയ്ക്ക് പുതിയ നേതാവ് വരും
ലണ്ടന്‍: പൊതു തിരഞ്ഞെടുപ്പിലെ കനത്ത പരാജയം മൂലം പ്രധാമന്ത്രിപദം രാജിവച്ച റിഷി സുനാക് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃ സ്ഥാനവും ഒഴിയുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റിന് പുറത്ത് നടത്തിയ അവസാന പ്രസ്താവനയില്‍ 'ജനങ്ങളുടെ ദേഷ്യം ഞാന്‍ കേട്ടുവെന്നും, മനസിലാക്കുന്നുവെന്നും' സുനക് അറിയിച്ചു.
പുതിയ പാര്‍ട്ടി നേതാവിനെ കണ്ടെത്തിയാല്‍ താന്‍ സ്ഥാനമൊഴിയുമെന്ന് അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു. 14 വര്‍ഷത്തെ ടോറി ഭരണത്തിന് വിരാമമിട്ട് യുകെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി മൃഗീയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മുന്‍ പ്രധാനമന്ത്രി ലിസ് ട്രസ് ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ തോറ്റതും സുനകിന്റെ നേതൃത്വത്തിന് വലിയ തിരിച്ചടിയായിരുന്നു.
ചരിത്രപരമായ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പ്രധാനമന്ത്രി റിഷി സുനാക് നേരത്തെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറില്‍ നടക്കുന്ന പാര്‍ട്ടി സമ്മേളനത്തിന് മുന്‍പായി പുതിയ നേതാവ് സ്ഥാനമേല്‍ക്കുമോ എന്നത് മാത്രമെ അറിയാനുള്ളു.
കാബിനറ്റ് മന്ത്രിമാര്‍ അടക്കം പ്രമുഖരെല്ലാം പരാജയപ്പെട്ടതിന്റെ പഴി മുഴുവന്‍ സുനാകിന്റെ തലയിലാണ്. ഡിസംബര്‍ വരെ കാലാവധി ഉണ്ടായിരിക്കെ ധൃതി പിടിച്ചു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സുനാക് ലേബറിന്റെ കൈയില്‍ അധികാരം വച്ച് കൊടുക്കുന്നതുപോലെയായി എന്നാണ് ആരോപണം. ടോറി നേതാക്കള്‍ പ്രതീക്ഷിച്ചതും ഒരുങ്ങിയിരുന്നതും ഒക്ടോബറില്‍ മാത്രമേ തിരഞ്ഞെടുപ്പ് കാണൂ എന്നായിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയും പലിശ നിറയ്ക്കും വിലക്കയറ്റവും എല്ലാം ജനരോഷത്തിനു കാരണമായി.
വിലക്കയറ്റം കുറഞ്ഞെങ്കിലും അത് ജനങ്ങളിലേക്ക് എത്തുന്നതിനു മുമ്പായി തിരഞ്ഞെടുപ്പ് അടിസ്ഥാന പലിശ നിരക്കില്‍ അടുത്ത മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് കുറവ് വരുത്തുമെന്നാണ് കരുതുന്നത്. അങനെ വന്നാല്‍ മോര്‍ട് ഗേജ് നിരക്ക് കുറയുമായിരുന്നു.
പണപ്പെരുപ്പവും പെട്രോള്‍, ഡീസല്‍ വിലയിലും തുടര്‍ച്ചയായ രണ്ടാം മാസവും കുറവ് രേഖപ്പെടുത്തിയിരുന്നു. രാജ്യത്തെ സാമ്പത്തിക രംഗം കൈവിട്ട് തകരുമെന്ന നിലയില്‍ നിന്നും അതിനെ രക്ഷിച്ചെടുക്കാന്‍ കൈക്കൊണ്ട കടുപ്പമേറിയ സുനാകിന്റെ തീരുമാനങ്ങള്‍ ആണ് ഇപ്പോള്‍ ഫലം കാണുന്നത്. എന്നാല്‍ ഈ നടപടി ജനത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇതിന്റെ ഫലമായി തിരഞ്ഞെടുപ്പില്‍ അദ്ദേഹം തിരിച്ചടി നേരിട്ടു .
ഫലം പ്രഖ്യാപിച്ച 648 ല്‍ 412 സീറ്റുകള്‍ നേടിയാണ് ലേബര്‍ അധികാരത്തില്‍ എത്തുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നിന്നും അധികമായി 211 സീറ്റുകള്‍ നേടിയാണ് ലേബര്‍ പാര്‍ട്ടി 400 സീറ്റുകള്‍ കടന്നത്. ടോറികള്‍ 250 സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെടുത്തി 121 സീറ്റുകളില്‍ മാത്രമാണ് വിജയിച്ചത്. ആകെ വോട്ടുകളുടെ 33.7% ലേബര്‍ നേടിയപ്പോള്‍ 23.7% മാത്രമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയത്.
സീറ്റുകളുടെ എണ്ണത്തില്‍ ലിബറല്‍ ഡമോക്രാറ്റ് 71 സീറ്റുമായി റിഫോം യുകെയ്ക്ക് മുന്നില്‍ എത്തിയെങ്കിലും വോട്ടിങ് ശതമാനം അധികം ലഭിച്ചത് റിഫോം യുകെയ്ക്ക് ആണ്. റിഫോം യുകെ 14.3% വോട്ടും 4 സീറ്റും നേടിയപ്പോള്‍ ലിബറല്‍ നേടിയത് 12.2% വോട്ട് മാത്രമാണ്.