'ടീം സ്റ്റാര്‍മര്‍'; ആഞ്ചെല റെയ്‌നര്‍ ഉപപ്രധാനമന്ത്രി; റേച്ചല്‍ റീവ്‌സിലൂടെ ആദ്യമായി വനിതാ ചാന്‍സലര്‍, വെറ്റ് കൂപ്പര്‍ ഹോം സെക്രട്ടറി
തന്റെ വിശ്വസ്തരായ നേതാക്കളെ പ്രധാന വകുപ്പുകളുടെ ചുമതല ഏല്‍പ്പിച്ച് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. വലിയ ഭൂരിപക്ഷത്തോടെ നം.10-ലേക്ക് എത്തിയതിന് പിന്നാലെയാണ് അദ്ദേഹം ആദ്യ ക്യാബിനറ്റിനെ പ്രഖ്യാപിച്ചത്. തന്റെ വിശ്വസ്തയായ ആഞ്ചെല റെയ്‌നറെ ഉപപ്രധാനമന്ത്രിയായി നിയോഗിച്ചു. കീര്‍ സ്റ്റാര്‍മറുടെ ആദ്യ അപ്പോയിന്റ്‌മെന്റും ഇതാണ്. ഷാഡോ മന്ത്രിമാരെ കാര്യമായി മാറ്റങ്ങള്‍ ഇല്ലാതെ ടോപ്പ് ടീമില്‍ എത്തിച്ചാണ് സ്റ്റാര്‍മര്‍ പുതിയ ക്യാബിനറ്റിനെ തെരഞ്ഞെടുത്തിരിക്കുന്നത്.
റേച്ചല്‍ റീവ്‌സ് 800 വര്‍ഷത്തിനിടെ ട്രഷറിയുടെ ചുമതല ഏല്‍ക്കുന്ന ആദ്യ വനിതയായി. തന്റെ ആദ്യ ബജറ്റിനുള്ള തയ്യാറെടുപ്പിലാണ് റീവ്‌സ്. 'ഇത് കാണുന്ന എല്ലാ യുവതികളും, പെണ്‍കുട്ടികളും മനസ്സിലാക്കണം, നിങ്ങളുടെ ലക്ഷ്യങ്ങള്‍ പരിധി വേണ്ടെന്ന്. കാര്യങ്ങള്‍ എളുപ്പമാകുമെന്ന് പറയുകയല്ല. വലിയ റോഡാണ് മുന്നിലുള്ളത്. ഒപ്പം ഉത്തരവാദിത്വവും വരും', റീവ്‌സ് തന്റെ ജീവനക്കാരോട് പറഞ്ഞു.
ഉപപ്രധാനമന്ത്രിയായ റെയ്‌നര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹൗസിംഗ് & ലെവലിംഗ് അപ്പും നയിക്കും. ലേബറിന്റെ ആദ്യ 100 ദിനങ്ങളില്‍ കൈവരിക്കാന്‍ ഉദ്ദേശിക്കുന്ന ഹൗസിംഗ് പ്രഖ്യാപനങ്ങളും, ലക്ഷ്യങ്ങളുമാണ് റെയ്‌നറുടെ ആദ്യ നടപടി.
വെറ്റ് കൂപ്പര്‍ ഹോം സെക്രട്ടറിയായി മടങ്ങിയെത്തിയപ്പോള്‍ സംശയത്തിലായിരുന്ന ഡേവിഡ് ലാമിയെ ഫോറിന്‍ സെക്രട്ടറിയാക്കിയാണ് സ്റ്റാര്‍മര്‍ അഭ്യൂഹങ്ങള്‍ക്ക് അവസാനം കുറിച്ചത്. ലൂസി പോവെല്‍ ജനപ്രതിനിധി സഭയില്‍ പാര്‍ട്ടിയെ നയിക്കുമ്പോള്‍ ബരോണസ് സ്‌മിത്ത് ഓഫ് ബാസില്‍ഡണ്‍ പ്രഭു സഭയില്‍ ലേബര്‍ പാര്‍ട്ടിയെ നയിക്കും.
ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്നത് ലൂയിസ് ഹൈഗ് ആണ്. എംപിയാകും മുന്നേ പാര്‍ലമെന്റില്‍ കോര്‍ഡിനേറ്ററായും മെറ്റ് പൊലീസില്‍ സ്‌പെഷ്യല്‍ കോണ്‍സ്റ്റബിളായും പ്രവര്‍ത്തിച്ചിട്ടുള്ള ഹൈഗ് ജെറമി കോര്‍ബിന്റെ ഷാഡോ പോളിസിംഗ് മിനിസ്റ്ററുമായിരുന്നു. ലിസ് കെന്‍ഡാല്‍ ആണ് വര്‍ക്ക് ആന്റ് പെന്‍ഷന്‍സ് സെക്രട്ടറി. ബിസിനസ് സെക്രട്ടറിയായി ജൊനാഥന്‍ റെയ്‌നോള്‍ഡ്‌സും ഡിഫെന്‍സ് സെക്രട്ടറിയായി ജോണ്‍ ഹീലിയും എന്‍വയോണ്‍മെന്റ് സെക്രട്ടറിയായി സ്റ്റീവ് റീഡും കള്‍ച്ചര്‍, മീഡിയാ ആന്റ് സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജ ലിസാ നന്ദിയും നോര്‍ത്തേണ്‍ അയര്‍ലന്റ് സെക്രട്ടറിയായി ഹിലാരി ബെന്നും സ്‌കോട്‌ലന്റ് സെക്രട്ടറിയായി ഇയാന്‍ മുറെയും വെയില്‍സ് സെക്രട്ടറിയായി ജോ സ്റ്റീവന്‍സും പ്രവര്‍ത്തിക്കും.
വെസ് സ്ട്രീറ്റിംഗ് എംപിയാണ് ഹെല്‍ത്ത് സെക്രട്ടറി. ജെറമി കോര്‍ബിന്റെ കടുത്ത വിമര്‍ശകനായ സ്ട്രീറ്റിംഗ് എന്‍എച്ച്എസിലെ ചില നയങ്ങള്‍ക്ക് ശക്തമായ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. വൃക്ക കാന്‍സര്‍ രോഗനിര്‍ണ്ണയത്തിന് ശേഷം തന്റെ ജീവന്‍ രക്ഷിച്ച എന്‍എച്ച്എസിനോട് വലിയ കടപ്പാടാണ് അദ്ദേഹത്തിനുള്ളത്. എഡ് മിലിബാന്‍ഡ് ആണ് ഊര്‍ജ്ജ സെക്രട്ടറിയായി പ്രവര്‍ത്തിക്കുക. ലേബര്‍ രാഷ്ട്രീയത്തില്‍ പ്രധാന പങ്കുവഹിക്കുന്ന മിലിബാന്‍ഡ് കീര്‍ സ്റ്റാര്‍മറുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആള്‍ കൂടിയാണ്. സയന്‍സ്, ഇന്നൊവേഷന്‍ ആന്റ് ടെക്‌നോളജി സെക്രട്ടറിയായി പീറ്റര്‍ കെയില്‍ ആണ് ചുമതലയേല്‍ക്കുക.