ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ അനിവാര്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയോട് നേരിട്ട് വ്യക്തമാക്കി പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. മിഡില്‍ ഈസ്റ്റിലെ സമാധാന ശ്രമങ്ങളുടെ ഭാഗമായി പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാതെ തരമില്ലെന്ന് സ്റ്റാര്‍മര്‍ വ്യക്തമാക്കി. ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് വ്യക്തമായ ആവശ്യമുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് സംസാരിക്കവെ സ്റ്റാര്‍മര്‍ വ്യക്തമാക്കി.
ഗാസയിലെ വമ്പിച്ച ആള്‍നാശം സംബന്ധിച്ച് പലസ്തീനിയന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. ഇസ്രയേലിനൊപ്പം ചേര്‍ന്ന് ദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കുന്നതിന്റെ ഭാഗമായി പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു.
'പ്രസിഡന്റ് അബ്ബാസുമായി പ്രധാനമന്ത്രി പ്രാരംഭ ഘട്ടത്തില്‍ തന്നെ സംസാരിച്ചു. വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ വിഷയങ്ങളും, ബന്ദികളെ വിട്ടയയ്ക്കുന്നതും, പലസ്തീന്‍ അതോറിറ്റിക്കായി മനുഷ്യത്വപരവും, സാമ്പത്തികവുമായ പിന്തുണ വര്‍ദ്ധിപ്പിക്കുന്നതും സംബന്ധിച്ച് വിവരങ്ങള്‍ നല്‍കി', ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി സംസാരിക്കവെ ഒക്ടോബര്‍ അക്രമങ്ങളില്‍ ജീവന്‍ നഷ്ടമായതില്‍ അനുശോചനം രേഖപ്പെടുത്തിയ കീര്‍ സ്റ്റാര്‍മര്‍ വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശങ്ങളും മുന്നോട്ട് വെച്ചു. ബന്ദികളെ കൈമാറുകയും, സാധാരണക്കാര്‍ക്ക് സഹായവും എത്തിക്കുന്നതും ഇതില്‍ ഉള്‍പ്പെടും.
ഗാസയിലെ നിലപാട് ലേബര്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയിരുന്നു. മുസ്ലീങ്ങള്‍ അധികമുള്ള മേഖലകളില്‍ ചില മുസ്ലീം സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു.