യൂറോപ്യന്‍ യൂണിയനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തില്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍
സാമ്പത്തിക തിരിച്ചടി മറികടക്കാന്‍ യൂറോപ്യന്‍ യൂണിയനുമായി ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമത്തില്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ നടപടികളുണ്ടാകുമെന്ന് യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണത്തിലുണ്ടായ വിദേശ നയത്തില്‍ ഒരു പൊളിച്ചെഴുത്തിന് ഒരുങ്ങുകയാണ് പുതിയ സര്‍ക്കാര്‍.
യൂറോപ്പില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ യുകെയില്‍ പഠിക്കുന്നതിനും തിരിച്ചുള്ള നടപടിക്രമങ്ങള്‍ സര്‍ക്കാര്‍ ലഘൂകരിച്ചേക്കും.
ബ്രക്‌സിറ്റിന്റെ ഭാഗമായി ജിഡിപിയിലുണ്ടായ തകര്‍ച്ച ഉള്‍പ്പെടെ കാര്യങ്ങള്‍ പണപ്പെരുപ്പം ഉയരുന്നതിനും ജീവിത ചെലവ് വര്‍ദ്ധിക്കുന്നതിനും കാരണമായെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇതിന് എന്തു നടപടി സ്വീകരിക്കുമെന്നത് നിര്‍ണ്ണായകമാണ്.
യൂറോപ്യന്‍ യൂണിയനുമായി സര്‍ക്കാര്‍ സഹകരിച്ച് സാമ്പത്തിക മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനാണ് സാധ്യത. റഷ്യ യുക്രെയ്ന്‍ വിഷയങ്ങളും ഫ്രാന്‍സിലെ പുതിയ സര്‍ക്കാരും ഉള്‍പ്പെടെ വിഷയങ്ങള്‍ വിദേശകാര്യ മന്ത്രിക്ക് മുന്നിലുണ്ട്. എന്നാല്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള തിരിച്ചുപോക്ക് കീര്‍ സ്റ്റാര്‍മര്‍ നേരത്തെ തള്ളിയിരുന്നു.