യു.കെ.വാര്‍ത്തകള്‍

പൊതുഖജനാവ് നിറയ്ക്കാന്‍ ലേബറിന്റെ 50 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി വര്‍ധന വരുമെന്ന്

ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തിയാല്‍ നികുതികളുടെ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് മുന്‍ പ്രധാനമന്ത്രി റിഷി സുനാക് തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും ചെവിക്കൊള്ളാതെ ലേബറിനെ വിജയിപ്പിക്കുന്നതില്‍ വോട്ടര്‍മാര്‍ ഒന്നിച്ചു അണിനിരന്നു. എന്തായാലും സമീപ ഭാവിയില്‍ തന്നെ ജനം നികുതി ഭാരം പേറേണ്ടി വരുമെന്നതാണ് നിലവിലെ അവസ്ഥ.

രാജ്യത്തെ നികുതിഭാരം 50 ബില്ല്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കാന്‍ ഈ ഗവണ്‍മെന്റ് തയ്യാറാകുമെന്നാണ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ വ്യക്തമാക്കുന്നത്. അധിക വരുമാനം നേടേണ്ടത് പുതിയ ഗവണ്‍മെന്റിന് അനിവാര്യമാണെന്നാണ് മുന്‍ ലേബര്‍ പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നത്.

പുതിയ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നികുതി വര്‍ദ്ധനയ്ക്കുള്ള വഴിമരുന്നാണ് ഇട്ടുവെയ്ക്കുന്നതെന്ന് ആശങ്കയും വ്യാപകമാണ്. പൊതുഖജനാവ് നേരിടുന്ന വെല്ലുവിളികളുടെ ആഴം മനസ്സിലാക്കാന്‍ ട്രഷറി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി ചാന്‍സര്‍ പറഞ്ഞു. ഇതോടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ ലേബറിന്റെ നികുതി പദ്ധതികള്‍ രഹസ്യമാക്കി വെയ്ക്കുന്നുവെന്ന തങ്ങളുടെ ആരോപണം സത്യമാകുകയാണെന്ന് കണ്‍സര്‍വേറ്റീവുകള്‍ പറയുന്നു.

ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവ ഉയര്‍ത്തില്ലെന്ന് ലേബര്‍ പ്രകടനപത്രിക പറഞ്ഞെങ്കിലും കീര്‍ സ്റ്റാര്‍മര്‍ പല പഴുതുകളും പ്രയോജനപ്പെടുത്തുമെന്ന് സുനാക് വാദിച്ചിരുന്നതായി ഷാഡോ സയന്‍സ് മന്ത്രി ആന്‍ഡ്രൂ ഗ്രിഫിത് പറഞ്ഞു. ഇതിനിടയിലാണ് എഐ പോലുള്ള സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ ഉയര്‍ന്ന നികുതിഭാരം നേരിടേണ്ടി വരുമെന്ന് ടോണി ബ്ലെയര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

പബ്ലിക് സര്‍വ്വീസുകള്‍ക്ക് പണം കണ്ടെത്താനായി ക്യാപിറ്റല്‍ ഗെയിന്‍സ്, ഇന്‍ഹെറിറ്റന്‍സ് ടാക്‌സുകള്‍ വര്‍ദ്ധിപ്പിക്കാനുള്ള സാധ്യതയാണ് ലേബര്‍ പാര്‍ട്ടി തേടുന്നത്. റേച്ചല്‍ റീവ്‌സ് ഒരു ഡസനോളം ടാക്‌സ് വര്‍ദ്ധനവുകള്‍ ആദ്യ ബജറ്റില്‍ തന്നെ ഉള്‍പ്പെടുത്തുമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിന് പുറമെ സ്വത്തുക്കള്‍ വില്‍ക്കുമ്പോഴുള്ള നികുതി വര്‍ദ്ധിപ്പിക്കാനും ലേബര്‍ നീക്കം നടത്തുന്നതായി പാര്‍ട്ടി ആഭ്യന്തര രേഖകള്‍ വെളിപ്പെടുത്തുന്നതായി ഗാര്‍ഡിയന്‍ പറയുന്നു. കൂടാതെ ബന്ധുക്കള്‍ക്ക് സമ്മാനമായി പണം, പ്രോപ്പര്‍ട്ടി, ഭൂമി എന്നിവ നല്‍കുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറ്റുകയും ചെയ്യും.

ഏതെല്ലാം നികുതികളാണ് ഉയര്‍ത്തുകയെന്ന് ലേബര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇതിനൊന്നും കൃത്യമായ മറുപടി നല്‍കാന്‍ കീര്‍ സ്റ്റാര്‍മറോ, മറ്റ് നേതാക്കളോ തയ്യാറാകുന്നില്ല.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions