തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കെന്റ് ഗ്രേവ്‌സെന്‍ഡിലെ ഗുരുദ്വാരയില്‍ കത്തിക്കുത്ത് നടത്തിയ കൗമാരക്കാരനെ പിടികൂടി. രണ്ട് സിഖ് വിശ്വാസികളെ ക്ഷേത്രത്തില്‍ വെച്ച് കുത്തിക്കൊല്ലാന്‍ ശ്രമിച്ച 17-കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൗമാരക്കാരനായ അക്രമിയെ പോലീസ് ബലം പ്രയോഗിച്ച് കീഴടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഗുരു നാനാക് ഡര്‍ബാര്‍ ഗുരുദ്വാരയ്ക്ക് പുറത്ത് കൈകളിലും, കൈത്തണ്ടയിലും മുറിവുകളുമായി നില്‍ക്കുന്ന വിശ്വാസികളുടെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. രണ്ടാഴ്ച മുന്‍പ്, പുതിയ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ ഈ ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് സമുദായങ്ങളുമായി അടുക്കാനുള്ള ലേബര്‍ പദ്ധതികളെ കുറിച്ച് റെയ്‌നര്‍ സിഖ് നേതാക്കളുമായി ചര്‍ച്ചയും നടത്തി.
കുത്തേറ്റ രണ്ട് പേര്‍ക്കും ഏറ്റ പരുക്കുകള്‍ മാരകമല്ലെന്ന് കെന്റ് പോലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റ് പ്രതികള്‍ക്കായി തെരച്ചിലും നടത്തുന്നില്ല. അര്‍ദ്ധരാത്രിയില്‍ വലിയ പോലീസ് സാന്നിധ്യമാണ് ഏര്‍പ്പെടുത്തിയത്. നിരവധി ഓഫീസര്‍മാരും, എയര്‍ ആംബുലന്‍സും സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു.
ഗ്രേവ്‌സെന്‍ഡിലെ ഗുരുദ്വാരയിലുണ്ടായ അക്രമം ഞെട്ടിക്കുന്നതും, ദുഃഖകരവുമാണെന്ന് ഗ്രേവ്ഷാമിലെ ലേബര്‍ എംപി ഡോ. ലോറെന്‍ സള്ളിവന്‍ പറഞ്ഞു. സംഭവത്തില്‍ വിശദവിവരങ്ങള്‍ പുറത്തുവരുന്നതിന് മുന്‍പ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.