ബ്രിസ്റ്റോളിലും, ലണ്ടനിലും മനുഷ്യശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കെതിരെ ഇരട്ട കൊലപാതക കുറ്റം ചുമത്തി. ബ്രിസ്റ്റോളില്‍ രണ്ട് സ്യൂട്ട്‌കെയ്‌സുകളിലായും, ലണ്ടനിലെ ഫ്‌ളാറ്റില്‍ നിന്നും മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിലാണ് അറസ്റ്റിലായ പ്രതിക്കെതിരെ ഇരട്ട കൊലപാതക കേസ് ചുമത്തിയത്. വെസ്റ്റ് ലണ്ടനിലെ സ്‌കോട്ട്‌സ് റോഡില്‍ നിന്നുള്ള 34-കാരന്‍ യോസ്റ്റിന്‍ ആന്ത്രെസ് മൊസ്‌ക്വേരയെയാണ് ശനിയാഴ്ച പുലര്‍ച്ചെ ബ്രിസ്റ്റോളില്‍ നിന്നും അറസ്റ്റ് ചെയ്തത്.
രണ്ട് കൊലക്കുറ്റങ്ങള്‍ ചുമത്തിയ പ്രതിയെ ഇന്ന് വിംബിള്‍ഡണ്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും. കൊലപാതകങ്ങളില്‍ മറ്റാരെയും അന്വേഷിക്കുന്നില്ലെന്ന് മെട്രോപൊളിറ്റന്‍ പോലീസ് പറഞ്ഞു. 62-കാരന്‍ ആല്‍ബെര്‍ട്ട് അല്‍ഫോണ്‍സോ, 71-കാരന്‍ പോള്‍ ലോംഗ്വര്‍ത്ത് എന്നിവരാണ് ഇരകളായത്.
ലോംഗ്വര്‍ത്ത് ബ്രിട്ടീഷുകാരനും, അല്‍ഫോണ്‍സോ ഫ്രാന്‍സില്‍ നിന്നും എത്തി ബ്രിട്ടീഷ് പൗരത്വം എടുത്ത ആളുമാണ്. ഇരുവരും ബന്ധത്തിലായിരിക്കുകയും, ഒരുമിച്ച് സ്‌കോട്ട്‌സ് റോഡിലെ ഫ്‌ളാറ്റില്‍ താമസിച്ച് വരികയുമായിരുന്നു.
വളരെ കുറച്ച് കാലമായി ഇവരുടെ ഫ്‌ളാറ്റിലാണ് കൊലയാളി താമസിച്ചത്. ബ്രിസ്റ്റോളിലെ ക്ലിഫ്ടണ്‍ സസ്‌പെന്‍ഷന്‍ ബ്രിഡ്ജില്‍ ഒരാള്‍ ദുരൂഹമായി പെരുമാറുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് നടത്തിയ കണ്ടെത്തലുകളാണ് കൊലപാതക കേസിലേക്ക് നയിച്ചത്. നിലവില്‍ വിദ്വേഷ കുറ്റകൃത്യമായാണ് കണക്കാക്കുന്നതെങ്കിലും മറ്റ് വ്യക്തമായ കാരണമുണ്ടോയെന്ന് മെറ്റ് പോലീസ് അന്വേഷിക്കുന്നുണ്ട്.