ഏഴ് മില്ല്യണ്‍ കടന്ന എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് ഹിമാലയം പോലെ ഉയരുമ്പോള്‍ ആരുടെ ആരോഗ്യ സംരക്ഷണത്തിനാണ് പ്രാമുഖ്യം നല്‍കുക? ഈ ദുരവസ്ഥ മൂലം കുട്ടികളെയും, യുവാക്കളെയും എന്‍എച്ച്എസ് മറക്കുന്ന അവസ്ഥയാണ് നേരിടുന്നതെന്ന് ഹെല്‍ത്ത് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് നടത്തിയ സര്‍വേയില്‍ 82 ശതമാനം ട്രസ്റ്റുകള്‍ക്കും 18 വയസില്‍ താഴെയുള്ളവര്‍ക്ക് പിന്തുണ നല്‍കാന്‍ കഴിയുന്നില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ പല ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളും രൂപപ്പെടുന്നത് കുട്ടിക്കാലത്താണ്. അതിനാല്‍ ഈ കാലയളവില്‍ ഇടപെടല്‍ നടത്തുന്നത് യുവാക്കളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനം പറയുന്നു.
കൊവിഡ് മഹാമാരിക്ക് മുന്‍പുള്ള നിലയുമായി താരതമ്യം ചെയ്യുമ്പോള്‍ കുട്ടികള്‍ക്കും, യുവാക്കള്‍ക്കും ആവശ്യമുള്ള സേവനങ്ങള്‍ വര്‍ദ്ധിച്ചതായി 95 ട്രസ്റ്റുകളും വ്യക്തമാക്കി. സമയത്ത് സേവനങ്ങള്‍ നല്‍കുന്നതില്‍ പ്രധാന തടസ്സമാകുന്നത് ജീവനക്കാരുടെ ക്ഷാമമാണ്. കൃത്യമായ പരിചരണം നല്‍കാന്‍ പരാജയപ്പെടുന്നത് പലപ്പോഴും ജോലിക്കാരുടെ ആത്മധൈര്യത്തെ ബാധിക്കുകയും ചെയ്യുന്നതായി ട്രസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുവതലമുറയെ മറക്കുന്ന അപകടത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നതെന്ന് എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ജൂലിയാന്‍ ഹാര്‍ട്ട്‌ലി പറഞ്ഞു. എന്‍എച്ച്എസ് സേവനങ്ങളിലെ കാലതാമസം നിരവധി യുവ ജീവിതങ്ങളെ തകര്‍ക്കുന്നു. ഇത് കുട്ടികളുടെ സാമൂഹിക വികാസത്തിനും, സ്‌കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പുകളെയും ബാധിക്കുന്നു, ജൂലിയന്‍ വ്യക്തമാക്കി.