ബെഡ്‌ഫോര്‍ഡ്: അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങിയ ബെഡ്‌ഫോര്‍ഡിനടുത്തു സെയിന്റ് നിയോട്‌സിലെ ജോജോ ഫ്രാന്‍സിസിന്റെ പൊതുദര്‍ശനവും അന്തിമോപചാര ചടങ്ങുകളും നാളെ ബുധനാഴ്ച നടക്കും. ബെഡ്‌ഫോര്‍ഡ് ക്രൈസ്റ്റ് ദി കിംഗ് കാത്തോലിക് ദേവാലയത്തില്‍ വൈകിട്ട് നാലു മണിക്ക് പൊതു ദര്‍ശനത്തിനു വെയ്ക്കുകയും തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ ബലിയും അന്തിമോപചാര ചടങ്ങുകളും നടക്കും. തുടര്‍ന്ന് വെള്ളിയാഴ്ചയോടെ നാട്ടില്‍ കൊണ്ടുപോയി സംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതാണ്. ചങ്ങനാശ്ശേരി മാമ്മൂട് കുറുമ്പനാടം സ്വദേശിയായ ജോജോയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ പ്രിയപ്പെട്ടവരെല്ലാം ചടങ്ങില്‍ പങ്കെടുക്കണമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ദേവാലയത്തിന്റെ വിലാസം
Christ the King Catholic Church, Harrowden Road, Bedford, MK42 0SP
നാട്ടില്‍ ബിസിനസ് നടത്തി നഷ്ടത്തില്‍ ആവുകയും കടബാധ്യതകള്‍ കൂടിയതോടെയാണ് ആകെയുള്ള എട്ടു സെന്റ് സ്ഥലവും പണയപ്പെടുത്തി ജോജോയും ഭാര്യ റീനയും യുകെയില്‍ എത്തിയത്. 11 ലക്ഷം രൂപ ഏജന്‍സിക്ക് നല്‍കി ബെഡ്‌ഫോര്‍ഡിനടുത്തു സെന്റ് നോട്‌സില്‍ ഒരു നഴ്സിംഗ് ഹോമിലാണ് റീന ജോലി തരപ്പെടുത്തിയത്. പിന്നാലെയാണ് ഒരു വര്‍ഷം മുന്‍പ് ജോജോയും യുകെയില്‍ എത്തി.
ചങ്ങനാശേരി കുറുമ്പനാടം സ്വദേശിയാണ് ജോജോയ്ക്ക് രക്തത്തില്‍ പ്ലേറ്റ്ലറ്റ് കുറയുന്നതിനാല്‍ ചില മരുന്നുകള്‍ കഴിച്ചു വന്നതൊഴിച്ചാല്‍ മറ്റു ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍, മരണം സംഭവിക്കുന്ന ദിവസം ജോജോയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ കണ്ടപ്പോള്‍ മരുന്ന് നല്‍കിയ ശേഷമാണു റീന രാത്രി ഷിഫ്റ്റിന് പോയത്. എന്നാല്‍ അര്‍ധരാത്രിയ്ക്കും പുലര്‍ച്ചെ മൂന്നു മണിയോടെയും ജോജോയെ തേടി റീനയുടെ ഫോണ്‍ കോള്‍ എത്തിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഒടുവില്‍ നാലുമണിക്കും അഞ്ചു മണിക്കും ഫോണ്‍ കിട്ടാതായതോടെ മകനെ വിളിച്ചുണര്‍ത്തി നോക്കുമ്പോഴാണ് ജോജോയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഒടുവില്‍ പാരാമെഡിക്‌സ് എത്തി പരിശോധിക്കുമ്പോഴേക്ക് ജോജോയുടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. ഇവരുടെ ഏക മകന്‍ ലിയോ ഇയര്‍ 11ല്‍ പഠിക്കുകയാണ്.