ഇംഗ്ലണ്ടില്‍ മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ ബാധിക്കുന്നു
ലണ്ടന്‍: ഇംഗ്ലണ്ടില്‍ മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതി വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ കാര്യമായി ബാധിക്കുന്നെന്ന് റിപ്പോര്‍ട്ട് . ലണ്ടനില്‍ ഒഴികെയുള്ള ഇംഗ്ലണ്ടിന്റെ മിക്ക പ്രദേശങ്ങളിലും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള 16 വയസ്സുള്ള കുട്ടികളും അവരുടെ സമ്പന്നരായ സഹപാഠികളും തമ്മില്‍ പഠന നിലവാരത്തിന്റെ കാര്യത്തില്‍ വളരെ അന്തരം ഉണ്ടെന്നാണ് പഠനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. എഡ്യൂക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് (ഇപിഐ) തിങ്ക്ടാങ്ക് പറയുന്നതനുസരിച്ച്, പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരുടെ ജിസിഎസ്ഇയില്‍ ചേരുമ്പോള്‍ സമപ്രായക്കാരേക്കാള്‍ 19 മാസത്തിലധികം പിന്നിലാണ്.
സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികളുടെ പഠനനിലവാര തകര്‍ച്ചയെ ദേശീയ ദുരന്തം എന്നാണ് NAHT സ്‌കൂള്‍ ലീഡേഴ്സ് യൂണിയന്റെ ജനറല്‍ സെക്രട്ടറി പോള്‍ വൈറ്റ്മാന്‍ വിശേഷിപ്പിച്ചത്. പാന്‍ഡമിക്കിന് ശേഷം സ്ഥിതി കൂടുതല്‍ വഷളായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ അസമത്വങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പുതിയ ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടികള്‍ വേണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
എന്നാല്‍ ഇംഗ്ലണ്ടിലെ മറ്റു സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലണ്ടനിലെ സ്ഥിതി വ്യത്യസ്തമാണ്. ലണ്ടനില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്ന് വരുന്ന കുട്ടികളുടെ പഠനനിലവാരം മറ്റ് സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ടതാണ്. സാമ്പത്തിക അസമത്വം സ്‌കൂള്‍ തലത്തില്‍ തന്നെ വിദ്യാര്‍ഥികളുടെ പഠന നിലവാരത്തെ ബാധിക്കുന്നത് വളരെ ഗൗരവകരമായി കാണണമെന്നാണ് അധികൃതര്‍ പറയുന്നത്.