ഈസ്റ്റ് ലണ്ടനില്‍ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി
ഈസ്റ്റ് ലണ്ടനില്‍ വീടിന് തീപിടുത്തമുണ്ടായതിനെ തുടര്‍ന്നുള്ള അപകടത്തില്‍ മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി . സംഭവത്തില്‍ നേരത്തെ രണ്ട് കുട്ടികള്‍ മരണപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ 8. 30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത് . ഒരു കുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെയാണ് മരണമടഞ്ഞത്.
കഴിഞ്ഞ ദിവസമാണ് മൂന്നാമത്തെ കുട്ടി മരണമടഞ്ഞത്. തീ പിടുത്തത്തില്‍ പരുക്കേറ്റ് രണ്ടുപേര്‍ ആശുപത്രിയില്‍ തുടരുകയാണ്. അധികം പരിക്കുകളില്ലാത്ത ഒരാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എങ്കിലും ഔട്ട് പേഷ്യന്റ് ആയി ചികിത്സയില്‍ തുടരുകയാണെന്നാണ് വിവരം. അപകടത്തില്‍ പെട്ട ആറുപേരും ഒരുമിച്ച് താമസിച്ചിരുന്നവരും ഒരു കുടുംബത്തിലെ അംഗങ്ങളുമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
വീടിന് അഗ്നിബാധയുണ്ടായതിനെ തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ച സംഭവം കടുത്ത ദുഃഖം ഉളവാക്കുന്നതാണെന്ന് ന്യൂഹാം മേയര്‍ റോഖ്‌സാന ഫിയാസ് പറഞ്ഞു. സംഭവത്തിന് എന്തെങ്കിലും ദുരൂഹത ഉണ്ടെന്നതിന് നിലവില്‍ പോലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കുട്ടികളുടെ പ്രായം തുടങ്ങിയ ഒരു കാര്യവും പോലീസ് പുറത്തുവിട്ടിട്ടില്ല. തീപിടുത്തമുണ്ടായ ഉടനെ വീട്ടിലുള്ളവരെ രക്ഷപ്പെടുത്താന്‍ ഇഷ്ടിക കഷണങ്ങള്‍ ഉപയോഗിച്ച് ജനല്‍ ചില്ല് തകര്‍ക്കാന്‍ ശ്രമിച്ചതായി സമീപവാസികള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. 40 ഫയര്‍ഫോഴ്സ് ജീവനക്കാരും 6 ഫയര്‍ എന്‍ജിനുകളും ചേര്‍ന്നാണ് തീയണച്ചത്.