കാന്‍സര്‍ രോഗമുണ്ടെന്ന് സ്ഥിരീകരിച്ചാല്‍ പോലും എന്‍എച്ച്എസില്‍ അതിവേഗ ചികിത്സ സാധ്യമല്ല. ചികിത്സ ആരംഭിക്കാന്‍ 100 ദിവസമെങ്കിലും കാത്തിരിക്കുന്ന കാന്‍സര്‍ രോഗികളുടെ എണ്ണം കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കുതിച്ചുയര്‍ന്നതായാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
ഇംഗ്ലണ്ടില്‍ അടിയന്തര റഫറല്‍ നല്‍കുന്ന എട്ടിലൊന്ന് പേര്‍ക്ക് അടുത്ത് 2022-ല്‍ മൂന്നര മാസത്തോളം കാത്തിരിപ്പ് നേരിട്ടതായാണ് കണ്ടെത്തല്‍. 2017-ല്‍ ഇത് 25-ല്‍ ഒന്ന് എന്ന നിലയിലായിരുന്നു. ഇതോടെ മഹാമാരിക്ക് ശേഷം നിരക്കില്‍ മൂന്നിരട്ട വര്‍ദ്ധനവാണ് ഉണ്ടായതെന്ന് വ്യക്തമാകുന്നു.
കാന്‍സര്‍ നേരത്തെ സ്ഥിരീകരിക്കുന്നത് ചികിത്സ കൂടുതല്‍ ഫലപ്രദമാക്കും. കൂടാതെ രക്ഷപ്പെടാനുള്ള സാധ്യത എട്ടിരട്ടി വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് ഡാറ്റ പറയുന്നു. ജീവനക്കാരുടെ ക്ഷാമത്തിന് പുറമെ ബെഡുകളുടെയും, ആശുപത്രി ഉപകരണങ്ങളുടെയും കുറവ് ഹെല്‍ത്ത് സര്‍വ്വീസില്‍ അമിത സമ്മര്‍ദം ചെലുത്തുകയാണെന്ന് വിദഗ്ധര്‍ കുറ്റപ്പെടുത്തുന്നു.
60 മുതല്‍ 69 വരെ പ്രായമുള്ള ആളുകളാണ് ദീര്‍ഘമായ കാത്തിരിപ്പില്‍ പ്രധാനമായും പെടുന്നതെന്നും പരിശോധനയില്‍ വ്യക്തമാക്കി. അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ എന്‍എച്ച്എസിന് പിടിച്ചുനില്‍ക്കാനും സാധിക്കില്ലെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കി.
യുകെയുടെ പ്രായമേറുന്ന ജനസംഖ്യ വര്‍ദ്ധിക്കുന്നതിനാല്‍ 2040 ആകുമ്പോള്‍ ഓരോ വര്‍ഷവും അര മില്ല്യണ്‍ പുതിയ കാന്‍സര്‍ കേസുകള്‍ തിരിച്ചറിയും, കാന്‍സര്‍ റിസേര്‍ച്ച് യുകെ ക്ലിനിക്കല്‍ അഡൈ്വസര്‍ ഡോ. ജോണ്‍ ബട്‌ലര്‍ വ്യക്തമാക്കി.