ബെഡ്ഫോര്‍ഡ് മലയാളി റെയ്ഗന് കണ്ണീരോടെ വിട ചൊല്ലി മലയാളി സമൂഹം
ബെഡ്‌ഫോര്‍ഡ്: തൊഴില്‍ സ്ഥലത്തെ അപകട മരണത്തിനു ഇരയായ മലയാളി യുവാവ് റെയ്ഗന് കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. നാലുമാസം മുന്‍പ് ഏക മകളുടെ കൈപിടിച്ച് യുകെയില്‍ എത്തിയ റെയ്ഗന്‍ അധികം പരിചിതമല്ലാത്ത തൊഴില്‍ സാഹചര്യങ്ങളില്‍ പോലും ജോലി ചെയ്തു ജീവിതം വേരുറപ്പിക്കാന്‍ നോക്കുന്നതിനിടയിലാണ് അപകടമെത്തി ജീവന്‍ കവരുന്നത്.
കഴിഞ്ഞ മാസം ഒടുവില്‍ സംഭവിച്ച ദുരന്തത്തെ തുടര്‍ന്ന് മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് വിട്ട് നല്‍കും വരെ കണ്ണീരണിഞ്ഞ പ്രാര്‍ത്ഥനയുമായി കഴിഞ്ഞിരുന്ന ഭാര്യ സ്റ്റീന ഇപ്പോഴും അകാല മരണം സൃഷ്ടിച്ച ഞടുക്കത്തില്‍ നിന്നും മോചിതയായിട്ടില്ല.
ജോലി കഴിഞ്ഞു മടങ്ങിയെത്തുന്ന ഭര്‍ത്താവിനെ കാത്തിരുന്ന ഭാര്യക്ക് മുന്നിലേക്ക് അത്യാഹിതത്തിന്റെ വിവരങ്ങളുമായാണ് പോലീസ് എത്തിയത്. അന്നുമുതല്‍ കടുത്ത വേദനയിലൂടെ നീങ്ങുന്ന ഭാര്യ സ്റ്റീനയെയും കുഞ്ഞിനേയും കണ്ടു വിങ്ങിപൊട്ടുകയായിരുന്നു സുഹൃത്തുക്കള്‍.
സോളിഹള്ളിലെ ഓള്‍ട്ടണ്‍ ഫ്രിയറി ആര്‍സി ചര്‍ച്ചില്‍ ചൊവ്വാഴ്ച വൈകുനേരം നാലുമുതല്‍ ഏഴര വരെയാണ് റെയ്ഗണ് അന്ത്യ യാത്ര നേരാന്‍ യുകെ മലയാളി സമൂഹത്തിനു വേണ്ടി അവസരം ഒരുക്കിയത്. മൃതദേഹം നാട്ടില്‍ എത്തുന്ന കാര്യത്തില്‍ അന്തിമ തിയതി പറയാനാകാത്തതിനാല്‍ സംസ്‌കാര തിയതി ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല .
വെയര്‍ഹൗസിലെ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ ആണ് പെരുമ്പാവൂര്‍ കാലടി സ്വദേശി റെയ്ഗന്‍ മരണമടഞ്ഞത്. വെയര്‍ഹൗസില്‍ വച്ച് ഒരു വലിയ ബീം തലയില്‍ വന്നു പതിക്കുകയും അതുമൂലം ഉണ്ടായ ഗുരുതരമായി തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായി മാറിയത് എന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ബെഡ്ഫോര്‍ഡ് ഹോസ്പിറ്റലില്‍ നഴ്സ് ആയി എത്തിയ സ്റ്റീനയുടെ ഭര്‍ത്താവ് ആണ് റെയ്ഗന്‍. തൃശൂര്‍ സ്വദേശിനിയായ സ്റ്റീനയും അടുത്തകാലത്താണ് യുകെയില്‍ എത്തിയത്. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്, ഇവാ.കാലടി കൊറ്റമം മണവാളന്‍ ജോസിന്റെയും റീത്തയുടെയും മൂന്നു മക്കളില്‍ ഒരാളാണ് റെയ്ഗന്.