ന്യൂകാസിലില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് 6 പുരുഷന്മാര്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ എല്ലാവരും 21നും 43 നും ഇടയില്‍ പ്രായമുള്ളവരാണ്. 6 പെണ്‍കുട്ടികള്‍ ആണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടികള്‍ എല്ലാവരും 18 വയസിന് താഴെയുള്ളവരാണ്.
കോഡ്രിന്‍ ദുര(25), ലിയോനാര്‍ഡ് പോണ്‍ (22), സ്റ്റെഫാന്‍ സിയുരാരു(21), ബോഗ്ദാന്‍ ഗുഗിയുമാന്‍ (43), ക്ലൗഡിയോ അലക്സിയു (27), ഇയോനട്ട് മിഹായ് (27) എന്നിവരാണ് പ്രതി പട്ടികയില്‍ ഉള്ളത്. ബലാത്സംഗം, പ്രായപൂര്‍ത്തിയാകാത്തവരുമായുള്ള ലൈംഗിക പ്രവര്‍ത്തനങ്ങള്‍, ഒരു കുട്ടിയുടെ ഫോട്ടോകള്‍ വിതരണം ചെയ്യല്‍, എ ക്ലാസ് മയക്കുമരുന്ന് വിതരണം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ആണ് പ്രതികള്‍ നടത്തിയതായി കുറ്റപത്രത്തിലുള്ളത്. കോഡ്രിന്‍ ദുരയ്ക്ക് എതിരെ 8 ബലാല്‍സംഗം ഉള്‍പ്പെടെ 17 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികള്‍ക്കെതിരെയും ലൈംഗിക കുറ്റങ്ങള്‍ കൂടാതെ മയക്കുമരുന്ന് വിതരണം തുടങ്ങിയ കുറ്റങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്’.
കഴിഞ്ഞയാഴ്ച ന്യൂകാസില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ആറ് പ്രതികളെയും കുറ്റം ചുമത്തി സോപാധിക ജാമ്യത്തില്‍ വിട്ടയച്ചു. ഇവരെ അടുത്തമാസം മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മുന്നോട്ടു വന്ന പെണ്‍കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എല്ലാവിധ പിന്തുണയും നല്‍കുമെന്ന് കേസിലെ മുതിര്‍ന്ന അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഗ്രേം ബാര്‍ പറഞ്ഞു. കേസ് ഇപ്പോള്‍ കോടതിയില്‍ ആണെന്നും ഇത് സംബന്ധിച്ച് അനാവശ്യ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.