കണ്‍സര്‍വേറ്റീവുകള്‍ റുവാന്‍ഡയിലേക്ക് നാടുകടത്താന്‍ ഇരുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളുടെ അപേക്ഷകള്‍ ഫാസ്റ്റ് ട്രാക്കായി പരിശോധിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. നാടുകടത്തല്‍ വിമാനങ്ങളില്‍ കയറേണ്ട ഏകദേശം 90,000 പേര്‍ക്കാണ് ഈ അവകാശം ലഭിക്കുന്നത്. ഇതില്‍ 60,000 പേരുടെ അപേക്ഷകളും സ്വീകരിക്കപ്പെടുമെന്നാണ് പ്രവചനം.
റുവാന്‍ഡ നാടുകടത്തല്‍ ഭീഷണി നേരിട്ട ചിലര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഇവരുടെ അപേക്ഷകള്‍ പ്രൊസസ് ചെയ്യുമെന്ന് അറിയിച്ചത്. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കുന്നത് മുന്‍ പ്രധാനമന്ത്രി ഋഷി സുനാക് അസാധ്യമാക്കി മാറ്റിയിരുന്നു.
18 മാസം മുന്‍പ് ഇല്ലീഗല്‍ മൈഗ്രേഷന്‍ ആക്ട് നിലവില്‍ വന്നതോടെ കേസുകളുടെ ബാക്ക്‌ലോഗ് കുത്തനെ വര്‍ദ്ധിച്ചു. റുവാന്‍ഡ സ്‌കീം പ്രകാരം വിമാനങ്ങള്‍ പറക്കാതിരുന്നതാണ് വിനയായത്. എന്നാല്‍ അധികാരത്തിലെത്തിയതിന് പിന്നാലെ കീര്‍ സ്റ്റാര്‍മര്‍ റുവാന്‍ഡ സ്‌കീം റദ്ദാക്കി. കൂടാതെ 90,000 പേരുടെ അപേക്ഷ പരിശോധിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഇന്ത്യ, അല്‍ബേനിയ പോലുള്ള സുരക്ഷിത രാജ്യങ്ങളില്‍ നിന്നുള്ളവരുടെ ക്ലെയിമുകള്‍ ആദ്യം പരിശോധിക്കുകയും, ഇത് തള്ളുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഇതോടെ ഇവരെ നാടുകടത്തും. കഴിഞ്ഞ ദിവസം ചാനല്‍ കുടിയേറ്റം നടത്തുന്നതിനിടെ ഒരു സ്ത്രീ മുങ്ങിമരിച്ചിരുന്നു.