മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രതിസന്ധിയില്‍ വിമാന യാത്രകള്‍ ആഗോളതലത്തില്‍ താറുമാറായി. വിമാനത്താവളങ്ങളില്‍ 3 മണിക്കൂറുകള്‍ നീളുന്ന ക്യൂ രൂപപ്പെട്ടു. എയര്‍പോര്‍ട്ട്, ഹെല്‍ത്ത്‌കെയര്‍ സേവനങ്ങള്‍, ബിസിനസ്സുകള്‍ എന്നിവയാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഔട്ടേജ് ബാധിച്ചത്. ഇത് സാധാരണ നിലയിലേക്ക് മടങ്ങാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍സുരക്ഷാ കമ്പനിയായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റിലുണ്ടായ വീഴ്ചയില്‍ തകരാറിലായ മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രവര്‍ത്തനം പതിയെ ഓണ്‍ലൈനില്‍ തിരിച്ചെത്തിത്തുടങ്ങി.
വിമാന സര്‍വ്വീസുകള്‍ മുതല്‍ ഹോസ്പിറ്റല്‍ അപ്പോയിന്റ്‌മെന്റുകള്‍ വരെ റദ്ദാക്കുകയും, ടിവി ചാനലുകള്‍ അപ്രത്യക്ഷമാകുകയും ചെയ്തു. യുഎസ് സൈബര്‍ സുരക്ഷാ കമ്പനി ക്രൗഡ്‌സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റാണ് വിന്‍ഡോസിന് പാരയായത്.
യുകെയില്‍ പ്രതിസന്ധി നേരിടാന്‍ വൈറ്റ്ഹാള്‍ കോബ്രാ കമ്മിറ്റി ചേര്‍ന്നു. ട്രെയിനുകളും, വിമാനങ്ങളും ബാധിക്കപ്പെട്ടതോടെ ഐടി പ്രതിസന്ധി പരിഹരിക്കാന്‍ മേഖലയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ലൂസി ഹെയ്ഗ് പറഞ്ഞു.
ആയിരക്കണക്കിന് വിമാന സര്‍വ്വീസുകളെ ബാധിച്ചതോടെ സമ്മര്‍ അവധിക്കാല യാത്രകള്‍ വെള്ളത്തിലായി. പ്രധാന എയര്‍പോര്‍ട്ടുകള്‍, വിമാന കമ്പനികള്‍, റെയില്‍വെ സേവനങ്ങളെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. യുകെയില്‍ നൂറിലേറെ വിമാനങ്ങള്‍ നിലത്തിറക്കിയെന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ ഇത് 3300-ലേറെയാണ്. ഇന്ത്യയിലും വിമാനങ്ങള്‍ നിലത്തിറക്കേണ്ടിവന്നു.