ഐടി സ്തംഭനത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കുന്നു, ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശങ്ങളില്‍ കുടുങ്ങി
മൈക്രോസോഫ്റ്റ് വിന്‍ഡോസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ വിദേശങ്ങളില്‍ കുടുങ്ങി. ഏകദേശം 8.5 മില്ല്യണ്‍ കമ്പ്യൂട്ടറുകളെയാണ് പ്രതിസന്ധി ബാധിച്ചതെന്ന് മൈക്രോസോഫ്റ്റ് വെളിപ്പെടുത്തി. കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കുകയാണ്.
സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്‌ട്രൈക്ക് നല്‍കിയ അപ്‌ഡേഷനിലെ പാളിച്ചയാണ് മൈക്രോസോഫ്റ്റ് വിന്‍ഡോസ് കമ്പ്യൂട്ടറുകളെ ആഗോളതലത്തില്‍ ബാധിച്ചത്. വിന്‍ഡോസിനായി നല്‍കിയ ഒരൊറ്റ കണ്ടന്റ് അപ്‌ഡേറ്റിലാണ് പ്രശ്‌നം ഉണ്ടായതെന്ന് വ്യക്തമാക്കിയ ക്രൗഡ്‌സ്‌ട്രൈക്ക് ഇത് സൈബര്‍ അക്രമണമല്ലെന്നും സ്ഥിരീകരിച്ചു.
ഐടി പ്രതിസന്ധി ഉടലെടുത്തതോടെ യുകെയില്‍ ഉടനീളം വിമാന, ട്രെയിന്‍ റദ്ദാക്കലുകള്‍ വ്യാപകമായി. ആഗോളതലത്തില്‍ വെള്ളിയാഴ്ച 7000 വിമാന സര്‍വ്വീസുകള്‍ റദ്ദായിരുന്നു. യുകെയില്‍ 408 വിമാനങ്ങളും നിലത്തിറക്കി.
ശനിയാഴ്ച രാത്രിയിലും ആയിരക്കണക്കിന് ബ്രിട്ടീഷുകാര്‍ എയര്‍പോര്‍ട്ടുകളില്‍ വെറും നിലത്ത് കിടന്നുറങ്ങുന്ന അവസ്ഥയാണ്. വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലേക്ക് കടക്കാന്‍ ഇനിയും താമസം എടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ, ഐ ടി തകരാറ് ഇംഗ്ലണ്ടിലെ ജിപികളുടെ സേവനത്തില്‍ വരുത്തിയ പ്രതികൂല സാഹചര്യം വരുന്ന ആഴ്ചകളില്‍ കൂടി തുടര്‍ന്നേക്കുമെന്ന് എന്‍എച്ച്എസ് അറിയിച്ചു. ഒട്ടുമിക്ക ഭാഗങ്ങളിലും ജിപികളുടെയും ഫാര്‍മസികളിലെയും ഡിജിറ്റല്‍ സിസ്റ്റം പൂര്‍വ്വ സ്ഥിതിയില്‍ ആക്കിയിട്ടുണ്ട് എന്ന് പറഞ്ഞ എന്‍എച്ച്എസ് വക്താവ് പക്ഷെ, നേരത്തേ മുടങ്ങിപ്പോയ അപ്പോയിന്റ്‌മെന്റുകളും മറ്റും ജിപികള്‍ക്ക് പൂര്‍ത്തിയാക്കേണ്ടതുണ്ട് എന്നും പറഞ്ഞു. ഐ ടി തകരാറ് മൂലം യുകെയില്‍ ആകമാനം ജിപികള്‍ക്ക് അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കേണ്ടതായി വന്നു. ഫാര്‍മസികള്‍ക്ക് ഡിജിറ്റല്‍ പ്രിസ്‌ക്രിപ്ഷനുകള്‍ ലഭ്യമാകാതെയും വന്നിരുന്നു.
മുടങ്ങിപ്പോയ സേവനങ്ങള്‍ ഉറാപ്പാക്കേണ്ടതിനാല്‍, ജി പി സേവനങ്ങളില്‍ ചില തടസ്സങ്ങള്‍ നേരിട്ടേക്കാം എന്നാണ് എന്‍ എച്ച് എസ് വക്താവ് പറഞ്ഞത്. അപ്പോയിന്റ്‌മെന്റുകള്‍ ചിലയിടങ്ങളില്‍ റീ ബുക്ക് ചെയ്യേണ്ടതിനാല്‍ ചിലപ്പോള്‍ ഈ തടസ്സം അടുത്ത ആഴ്ചയും തുടര്‍ന്നേക്കാം.
തിങ്കളാഴ്ചത്തേക്ക് അപ്പോയിന്റ്‌മെന്റ് ലഭിച്ചിട്ടുള്ളവര്‍, മറ്റ് അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെങ്കില്‍, കൃത്യ സമയത്ത് സാധാരണ രീതിയില്‍ ഹാജരാകണം എന്നും എന്‍ എച്ച് എസ് അറിയിക്കുന്നു. ഡിജിറ്റല്‍ സിസ്റ്റം ഉപയോഗിക്കുവാന്‍ ഇപ്പോഴും തങ്ങള്‍ പ്രയാസപ്പെടുകയാണെന്ന് എന്നും അതിനാല്‍, ബാക്ക്ലോഗ് നീളുവാന്‍ സാധ്യതയുണ്ടെന്നും ചില ആരോഗ്യ പ്രവര്‍ത്തകരറിയിച്ചതിനു പുറകെയാണ് ഈ അറിയിപ്പ് വന്നിരിക്കുന്നത്.
ജി പി കള്‍ അപ്പോയിന്റ്‌മെന്റുകള്‍ മാനേജ് ചെയ്യുന്നതിനും രോഗികളുടെ രേഖകള്‍ സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ഇ എം ഐ എസ് സിസ്റ്റവും ഐ ടി പിഴവ് പ്രതികൂലമായി ബാധിച്ച സിസ്റ്റങ്ങളില്‍ ഉള്‍പ്പെടുന്നു. ഫാര്‍മസികളിലേക്ക് പ്രിസ്‌ക്രിപ്ഷന്‍ അയയ്ക്കുന്നതിനും ഈ സിസ്റ്റമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ, മെഡിക്കല്‍ രേഖകള്‍ ആക്സസ് ചെയ്യുന്നതിനോ, രോഗ പരിശോധനകളുടെ ഫലം രോഗിക്ക് നല്‍കുന്നതിനോ സാധിക്കാതെ വരുന്നു. അതുകൊണ്ടു തന്നെ പല ജി പി കളും അടിയന്തിര സാഹചര്യമുള്ള അപ്പോയിന്റ്‌മെന്റുകള്‍ മാത്രമാണ് നല്‍കുന്നത്.
അതേസമയം, മിക്കയിടങ്ങളിലും ഇ എം ഐ എസ് ഉള്‍പ്പടെയുള്ള സിസ്റ്റങ്ങള്‍ പഴയ നിലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് എന്‍ എച്ച് എസ് ഇംഗ്ലണ്ട് വക്താവ് പറഞ്ഞു. എന്നാല്‍, അവ സാധാരണയിലും സാവധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കമ്ക്യൂണിറ്റി ഫാര്‍മസികളുടെ ദിജിറ്റല്‍ സിസ്റ്റവും മിക്ക പ്രദേശങ്ങളിലും സാധാരണ നിലയിലെക്ക് മടങ്ങിയതായി നാഷണല്‍ പഫാര്‍മസി അസ്സോസിയേഷന്‍ ചെയര്‍മാന്‍ നിക്ക് കേയി പറഞ്ഞു. എന്നാല്‍, നേരത്തേ ഉണ്ടായ തകരാറ് മൂലം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സേവനങ്ങള്‍ ഉള്ളതിനാല്‍, ഫാര്‍മസികളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകുവാന്‍ ദിവസങ്ങള്‍ എടുത്തേക്കാം.