കുടിയേറ്റം വെട്ടിക്കുറയ്ക്കും, വിദേശ ജോലിക്കാരെ ആശ്രയിക്കുന്നത് ചുരുക്കും; ബ്രിട്ടീഷുകാരുടെ യോഗ്യതകള്‍ മെച്ചപ്പെടുത്തി ഇമിഗ്രേഷനെ നേരിടുമെന്ന് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കുടിയേറ്റം വെട്ടിക്കുറയ്ക്കാനായി വിദേശ ജോലിക്കാരെ ആശ്രയിക്കുന്ന ബ്രിട്ടന്റെ രീതി മാറ്റുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍. കഴിവുള്ളവരെ ഇറക്കുമതി ചെയ്ത് എളുപ്പവഴി കാണുന്നതില്‍ താന്‍ തൃപ്തനല്ലെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്.
പുതിയ സ്‌കില്‍സ് ഇംഗ്ലണ്ട് സംഘം ലേബര്‍ വിപണിയിലെ വിടവുകള്‍ തിരിച്ചറിയുകയും, ഈ ജോലികള്‍ ഏറ്റെടുക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് പരിശീലനം നല്‍കുകയുമാണ് ചെയ്യുക. 'പലപ്പോഴും നമ്മുടെ രാജ്യത്തെ യുവാക്കളെ കൈവിട്ടിട്ടുണ്ട്. ശരിയായ അവസരങ്ങള്‍ ലഭ്യമാക്കുകയോ, അവരെ പരിശീലിപ്പിക്കുകയോ ചെയ്തില്ല. ഇതാണ് സമ്പദ് വ്യവസ്ഥ അമിതമായി ഇമിഗ്രേഷനെ ആശ്രയിക്കാന്‍ ശീലിച്ചത്', പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി.
സ്വദേശികളായ കഴിവുള്ളവരെ പരിശീലിപ്പിക്കുന്നത് വഴി നിയമപരമായ കുടിയേറ്റത്തിന് കടിഞ്ഞാണിടാന്‍ കഴിയുമെന്ന് കീര്‍ വ്യക്തമാക്കി. ഏകദേശം 1.2 മില്ല്യണ്‍ ജനങ്ങളാണ് യുകെയിലേക്ക് കുടിയേറ്റം നടത്തിയത്. രാജ്യത്തിന് പുറത്തുപോകുന്നവരേക്കാള്‍ 685,000 കൂടുതലാണ് ഇത്.
ഡിപ്പന്റന്‍ഡ്‌സിനെ കൊണ്ടുവരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഈ വര്‍ഷം നെറ്റ് മൈഗ്രേഷന്‍ സാരമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കൂടുതല്‍ യോഗ്യരായവരെ രാജ്യത്ത് തന്നെ സൃഷ്ടിച്ച് ഇമിഗ്രേഷനെ ആശ്രയിക്കുന്നത് ചുരുക്കാനാണ് കീര്‍ സ്റ്റാര്‍മര്‍ ലക്ഷ്യമിടുന്നത്.