യുകെയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ ആശങ്കപ്പെടുത്തുന്ന വര്‍ധനയെന്നു റിപ്പോര്‍ട്ട്. അതിക്രമങ്ങളില്‍ 37 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ വ്യക്തമാക്കുന്നു.രാജ്യത്ത് സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ ദേശീയ അടിയന്തരാവസ്ഥയാണെന്ന് പോലീസ് മേധാവിയുടെ റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.
ഓരോ ദിവസവും ഏതാണ്ട് 3000 കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്തുന്ന സ്ഥിതിയിലാണ് ഈ മുന്നറിയിപ്പ്. 2022/23 വര്‍ഷത്തില്‍ സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരെ നടന്ന ഒരു മില്ല്യണിലേറെ കുറ്റകൃത്യങ്ങളാണ് പോലീസ് രേഖപ്പെടുത്തിയത്. തട്ടിപ്പ് കേസുകള്‍ ഒഴിവാക്കിയാല്‍ 20 ശതമാനം കേസുകളും ഇതില്‍ നിന്നുമാണ്.
സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ 'പകര്‍ച്ചവ്യാധി' നിലവാരത്തിലേക്ക് എത്തിയെന്നാണ് കോളേജ് ഓഫ് പോലീസിംഗ് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് പറയുന്നത്. ഓരോ വര്‍ഷവും പന്ത്രണ്ടില്‍ ഒരു വനിതയാണ് ഇരകളായി മാറുന്നത്. ആന്‍ഡ്രൂ ടറ്റെയെ പോലുള്ള സ്ത്രീവിരുദ്ധ ഓണ്‍ലൈന്‍ ഇന്‍ഫ്‌ളുവെന്‍സര്‍മാര്‍ തീവ്രവാദികളെ പോലെ തന്നെ പിന്തുടരുന്ന യുവാക്കളില്‍ കടുത്ത സ്ത്രീവിദ്വേഷം പകര്‍ന്നുനല്‍കുന്നതായി ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ മാഗി ബ്ലിത്ത് മുന്നറിയിപ്പ് നല്‍കി.
അഞ്ച് വര്‍ഷത്തിനിടെ പോലീസ് രേഖപ്പെടുത്തുന്ന സ്ത്രീകള്‍ക്കും, പെണ്‍കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ 37 ശതമാനം വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സില്‍ റിപ്പോര്‍ട്ട് കണ്ടെത്തി. അതേസമയം കുട്ടികളെ ലൈംഗിക ചൂഷണത്തിനും, അതിക്രമങ്ങള്‍ക്കും ഉപയോഗിക്കുന്ന സംഭവങ്ങള്‍ സ്‌ഫോടനാത്മകമായ തോതിലാണ് വര്‍ദ്ധിച്ചത്. 2013 മുതല്‍ 2022 വരെ സമയത്ത് ഇത്തരം കേസുകലില്‍ 435 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്.