യു.കെ.വാര്‍ത്തകള്‍

യുകെയില്‍ മരുമകനെ വധിക്കാന്‍ ശ്രമിച്ച മലയാളി വയോധികന് 8 വര്‍ഷം ജയില്‍

ഇറച്ചിവെട്ടുന്ന കത്തികൊണ്ട് മരുമകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ചെംസ്‌ഫോര്‍ഡ് മലയാളിയായ വയോധികനു എട്ടു വര്‍ഷത്തെ ജയില്‍ ശിക്ഷ . കഴിഞ്ഞ വര്‍ഷം നടന്ന സംഭവം യുകെ മലയാളി സമൂഹം അറിയുന്നത് കഴിഞ്ഞ ബുധനാഴ്ചത്തെ കോടതി വിധി ബിബിസി റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ്. ചാക്കോ എബ്രഹാം(71) തെങ്കരയില്‍ ആണ് ശിക്ഷിക്കപ്പെട്ടത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ചെംസ്‌ഫോര്‍ഡ് ക്രൗണ്‍ കോടതി ഇദ്ദേഹത്തെ എട്ടു വര്‍ഷത്തേക്ക് ശിക്ഷിച്ചിരിക്കുന്നത്.

2023 മെയ് ആറിനായിരുന്നു സംഭവം. മൂന്നു വയസുള്ള കുഞ്ഞുമായി അത്താഴം കഴിക്കാന്‍ ഇരിക്കുമ്പോഴാണ് മരുമകനെ ചാക്കോ എബ്രഹാം പിന്നിലൂടെ ആക്രമിച്ചത്. ഇറച്ചി വെട്ടാന്‍ ഉപയോഗിക്കുന്ന വലിയ കത്തിയാണ് ഇയാള്‍ മരുമകനെ ആക്രമിക്കാന്‍ ഉപയോഗിച്ചത്.

തലയ്ക്ക് പിന്നില്‍ വെട്ടേറ്റ മരുമകന്‍ പിടഞ്ഞെഴുന്നേറ്റു ചോരയൊലിപ്പിച്ചു വീടിനു പുറത്തേയ്ക്കു ഓടി അയല്‍വാസികളുട സഹായം തേടുകയായിരുന്നു. അയല്‍വാസികള്‍ എത്തുമ്പോള്‍ വീടിനു അകത്തു ചാക്കോ എബ്രഹാം മൂന്നാമതൊരു കത്തിയുമായി നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. പോലീസ് എത്താന്‍ വൈകിയപ്പോഴേക്കും ചാക്കോയുടെ കയ്യില്‍ നിന്നും മറ്റുള്ളവര്‍ കത്തികള്‍ പിടിച്ചു വാങ്ങി. ശരീരത്തില്‍ നിന്നും അരലിറ്ററോളം രക്തം വാര്‍ന്നു പോയ മരുമകനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചാണ് ജീവന്‍ രക്ഷിച്ചത്. തലയോട് പൊട്ടിയ നിലയിലാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. മൂന്ന് വയസുള്ള കുഞ്ഞിന്റെ മുന്‍പില്‍ വച്ച് പിതാവിനെ വെട്ടുക എന്നത് അതിക്രൂരതയായാണ് കോടതി വിലയിരുത്തിയത്.

ചാക്കോ എബ്രഹാമിനു കത്തികള്‍ വാങ്ങിച്ചു കൂട്ടുന്നത് ഹരം ആയിരുന്നെന്നു സ്വന്തം മകള്‍ തന്നെ പൊലീസിന് സാക്ഷി മൊഴി നല്‍കുകയും ചെയ്തിരുന്നു. വധശ്രമത്തിലേക്ക് നയിച്ച പ്രകോപന കാരണമെന്തെന്ന് ഇനിയും വ്യക്തമല്ല. ലണ്ടനിലെ മറ്റൊരു പ്രദേശത്തു നിന്നും താമസം മാറി എത്തിയ കുടുംബം എന്ന നിലയില്‍ പ്രദേശത്തു കാര്യമായ സൗഹൃദ വൃന്ദം ഇവര്‍ക്കില്ലായിരുന്നു.

ചാക്കോയെ 2019ലാണ് മകളും മരുമകനും ചേര്‍ന്ന് യുകെയിലേക്ക് ക്ഷണിച്ചത്. പിതാവിനെ സംരക്ഷിക്കാനായി മകള്‍ വലിയൊരു തുക വായ്പയും എടുത്തിരുന്നു.

എന്നാല്‍ ഇംഗ്ലണ്ട് ജീവിതം ചാക്കോ ആസ്വദിച്ചിരുന്നതായി കാണാനാകില്ല എന്നാണ് ജഡ്ജി വിധിപ്രസ്താവത്തില്‍ ചൂണ്ടിക്കാട്ടിയത്. മലയാളം മാത്രം സംസാരിക്കുന്ന അദ്ദേഹത്തിന്റെ മനോനില ഊഹിക്കാവുന്നതാണെന്നും ജയിലില്‍ തീര്‍ച്ചയായും അയാള്‍ ഭാഷ കൈകാര്യം ചെയ്യാനറിയാത്തതിനാല്‍ ഏകാന്ത തടവിലായിരിക്കും എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  • ചാന്‍സലറുടെ 30 ബില്ല്യണ്‍ പൗണ്ടിന്റെ ബജറ്റ് വേട്ട ഡിസംബര്‍ ഷോപ്പിംഗിനെ പ്രതികൂലമായി ബാധിച്ചു
  • ബ്രൈറ്റണ്‍ ബിഷപ്പ് റിച്ചാര്‍ഡ് മോത്ത് യുകെയിലെ കത്തോലിക്കാ സഭയുടെ പുതിയ തലവന്‍
  • പുതിയ ഫ്ലൂ ഡാറ്റ പുറത്തുവിട്ടു, ആശുപത്രികള്‍ 'ഹൈ അലേര്‍ട്ടില്‍'
  • പെന്‍ഷന്‍ പ്രായത്തില്‍ വലിയ മാറ്റത്തിന് സര്‍ക്കാര്‍; വിരമിക്കല്‍ പ്രായം 67 മാറും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions