ബാന്‍സ്ലിക്കും വെയ്ക്ക്ഫീല്‍ഡിനും ഇടയിലായി എ 61 ല്‍ ഞായറാഴ്ച ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ അടക്കം ആറുപേര്‍ കൊല്ലപ്പെട്ടു. ഷെയ്ന്‍ റോളര്‍, ഭാര്യ ഷനേന്‍ മോര്‍ഗന്‍, അവരുടെ മക്കളായ ഒന്‍പത് വയസ്സുകാരി റൂബി, നാല് വയസ്സുകാരി ലില്ലി എന്നിവരാണ് മരിച്ചവര്‍, ഇവരുടെ മറ്റൊരു മകളായ 11 കാരി മാത്രം രക്ഷപ്പെട്ടു.
ഇവര്‍ സഞ്ചരിച്ചിരുന്ന ഫോര്‍ഡ് ഫോക്കസ് കാര്‍ വൈകിട്ട് നാലു മണിയോടെ ഒരു മോട്ടോര്‍ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മോട്ടോര്‍ ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഒരു പുരുഷനും ഒരു സ്ത്രീയും തല്‍ക്ഷണം മരണമടഞ്ഞു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. അപകടത്തെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പറഞ്ഞ പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
അപകട വിവരം അറിഞ്ഞ ഉടന്‍ തന്നെ പോലീസും എമര്‍ജന്‍സിയും സംഭവസ്ഥലത്ത് എത്തിയിരുന്നു. അവര്‍ക്കൊപ്പം വെസ്റ്റ് ആന്‍ഡ് സൗത്ത് യോര്‍ക്ക്ഷയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസിലെ ജീവനക്കാരും, യോര്‍ക്ക്ഷയര്‍ ആംബുലന്‍സ് സര്‍വ്വീസും രംഗത്തെത്തി.
റോളര്‍ കുടുംബത്തിലെ അവശേഷിക്കുന്ന ഏക വ്യക്തിയയ 11 കാരിക്ക് വേണ്ടി ഒരു ഓണ്‍ലൈന്‍ ഫണ്ട് റൈസര്‍ ധനസമാഹരണം ആരംഭിച്ചു. 24 മണിക്കൂറിനുള്ളില്‍ അവര്‍ക്ക് ലഭിച്ചത് 40,000 പൗണ്ട് ആയിരുന്നു. കുട്ടിയുടെ ജീവിത ചെലവ്, വിദ്യാഭ്യാസം, കൗണ്‍സിലിംഗ് എന്നിവയ്ക്കായി ഈ തുക ചെലവഴിക്കുമെന്ന് ധനസമാഹരണത്തിന് നേതൃത്വം നല്‍കിയ പോള്‍ ഹെപ്പിള്‍ പറഞ്ഞു.