4 ശതമാനത്തില്‍ താഴെയുള്ള ഫിക്‌സഡ് റേറ്റ് മോര്‍ട്ട്‌ഗേജുകള്‍ വീണ്ടും; ഭവന വിപണിയില്‍ മുന്നേറ്റമുണ്ടാകും
യുകെയില്‍ വീട് വാങ്ങാന്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയുന്നത് കാത്തിരിക്കുന്ന മലയാളികള്‍ക്കടക്കം ആശ്വാസവാര്‍ത്ത. മോര്‍ട്ട്ഗേജ് നിരക്കുകളില്‍ നേരിയ കുറവ് വന്നത് പുതിയതായി വീടു വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രോല്‍സാഹനമാകും.
നാഷണല്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി ബുധനാഴ്ച മുതല്‍ രണ്ട്, മൂന്ന്, അഞ്ച് വര്‍ഷത്തെ ഫിക്സഡ് മോര്‍ട്ട്ഗേജ് ഉല്‍പ്പന്നങ്ങളില്‍ 0.25 ശതമാനം വരെ നിരക്ക് കുറയ്ക്കുമെന്ന് അറിയിച്ചു. ഇതിന്റെ ഭാഗമായി 3.99% വിലയുള്ള അഞ്ച് വര്‍ഷത്തെ ഫിക്സഡ് ഡീല്‍ ആണ് നാഷണല്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. വസ്തുവിന്റെ മൂല്യത്തിന്റെ 60% വരെ കടം വാങ്ങാന്‍ ആഗ്രഹിക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്ക് ഇത് ലഭ്യമാകും.
നാഷണല്‍ വൈഡ് ബില്‍ഡിംഗ് സൊസൈറ്റി മോര്‍ട്ട്ഗേജ് കുറച്ചതിന്റെ അടിസ്ഥാനത്തില്‍ സമീപ ദിവസങ്ങളില്‍, എച്ച്എസ്ബിസിയും ഹാലിഫാക്സും ഉള്‍പ്പെടെയുള്ള വായ്പാ ദാതാക്കള്‍ മോര്‍ട്ട്ഗേജ് നിരക്കുകള്‍ കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. 3.99 % മോര്‍ട്ട്ഗേജ് നിരക്കുകളില്‍ വീടുവാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമാണ് ഈ നിരക്കുകള്‍ ലഭ്യമാകുക. റിമോട്ട് ഗേജ് ആഗ്രഹിക്കുന്നവര്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരുമെന്ന് ബ്രോക്കര്‍ ജോണ്‍ ചാര്‍കോളിലെ മോര്‍ട്ട്ഗേജ് ടെക്നിക്കല്‍ മാനേജര്‍ നിക്കോളാസ് മെന്‍ഡസ് പറഞ്ഞു.
4 ശതമാനത്തില്‍ കുറവുള്ള ഫിക്സഡ് റേറ്റ് മോര്‍ട്ട്ഗേജ് ആണ് വീട് വാങ്ങുവാന്‍ ആഗ്രഹിക്കുന്നവരുടെ പ്രതീക്ഷകള്‍ക്ക് നിറം ചാര്‍ത്തിയിരിക്കുന്നത്. ഇത് ഭവന വിപണിയില്‍ വന്‍ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് ബ്രോക്കര്‍മാര്‍ പ്രതീക്ഷിക്കുന്നത്.
ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ കുറച്ചാല്‍ മോര്‍ട്ട്ഗേജ് നിരക്കുകളില്‍ ഇനിയും കുറവ് വരും. ആഗസ്റ്റ് 1-ാം തീയതിയാണ് പലിശ നിരക്കിനെ സംബന്ധിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത അവലോകനയോഗം കൂടുന്നത്. പണപ്പെരുപ്പ നിരക്ക് 2 ശതമാനമായത് പലിശ നിരക്ക് കുറയ്ക്കാന്‍ വഴിയൊരുക്കുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി മോര്‍ട്ട്‌ഗേജ് ചെലവുകള്‍ കുത്തനെ കുതിക്കുന്ന അവസ്ഥയായിരുന്നു. 2022 സെപ്റ്റംബറില്‍ ലിസ് ട്രസിന്റെ മിനി ബജറ്റ് മുതലാണ് പുതിയ ഫിക്‌സഡ് റേറ്റുകള്‍ കുതിച്ചുയര്‍ന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് ഇത് കുത്തനെ താഴ്ന്നത്.