എന്‍എച്ച്എസ് ആംബുലന്‍സുകളില്‍ വനിതാ ജീവനക്കാരും, ജൂനിയര്‍ പാരാമെഡിക്കുകളും ലൈംഗിക അതിക്രമങ്ങള്‍ നേരിടുന്നതായി പരാതി. മൂന്ന് വനിതാ പാരാമെഡിക്കുകളാണ് സ്‌കൈ ന്യൂസിനോട് തങ്ങള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. ട്രെയിനിംഗ് പാസാകുന്നത് മുതല്‍ പ്രൊമോഷന്‍ ലഭിക്കാനും, ജോലി നഷ്ടപ്പെടാതിരിക്കാനും ലൈംഗിക സേവനങ്ങള്‍ ചോദിച്ച് വേട്ടയാടപ്പെടുകയാണെന്ന് ഇവര്‍ സ്വന്തം അനുഭവത്തില്‍ നിന്നും വിവരിക്കുന്നു. ഇതെല്ലാം വെറും തമാശയായി അവഗണിക്കപ്പെടുമ്പോള്‍ അധികാരത്തിന്റെ ചൂഷണമാണ് സത്യത്തില്‍ അരങ്ങേറുന്നതെന്ന് ഈ വനിതാ പാരാമെഡിക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ആംബുലന്‍സില്‍ വെച്ച് ലൈംഗികമായി അക്രമിക്കപ്പെട്ട ഒരു മുന്‍ പാരാമെഡിക്ക് ആത്മഹത്യക്ക് ശ്രമിച്ച സംഭവം പോലും മുന്‍പ് പുറത്തുവന്നിരുന്നു. ആംബുലന്‍സ് സര്‍വ്വീസില്‍ സ്ത്രീകള്‍ സുരക്ഷിതരാണെന്ന് ആത്മവിശ്വാസമില്ലെന്ന് എന്‍എച്ച്എസ് നാഷണല്‍ ഗാര്‍ഡിയന്‍ ഡോ. ചിഡ്‌ഗെ ക്ലാര്‍ക്ക് പറഞ്ഞു. ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് തമാശയായല്ല, ഗുരുതരമായി കണക്കാക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.
സ്ത്രീകളുടെ ടോയ്‌ലെറ്റ് സീറ്റില്‍ പശ വെയ്ക്കുന്നത് പോലുള്ള ക്രൂരമായ തമാശങ്ങള്‍ വരെ നേരിടേണ്ടി വരുന്നതായി വനിതാ പാരാമെഡിക്കുകള്‍ പറയുന്നു. ജോലിയില്‍ അബദ്ധം പറ്റിയത് മറച്ചുവെയ്ക്കാന്‍ ലൈംഗികതയ്ക്ക് വഴങ്ങണമെന്ന സഹജീവനക്കാരന്റെ ആവശ്യം അംഗീകരിക്കാതെ വന്നപ്പോള്‍ 'ബലാത്സംഗം ചെയ്യുമെന്ന് സൂക്ഷിച്ചോളാനാണ്' ഇയാള്‍ പറഞ്ഞതെന്ന് ഒരു വനിതാ പാരാമെഡിക്ക് പറയുന്നു. ജോലി ചെയ്യാന്‍ ഭയന്ന് ഇവര്‍ രാജിവെയ്ക്കാനുള്ള ഒരുക്കത്തിലാണ്.
പാരാമെഡിക്ക് ട്രെയിനിംഗ് ലഭിക്കാന്‍ മാനേജര്‍മാര്‍ക്കൊപ്പം കിടക്ക പങ്കിടേണ്ടി വരുന്ന അവസ്ഥയും നിലനില്‍ക്കുന്നതായി ഒരു വനിതാ എമര്‍ജന്‍സി കെയര്‍ അസിസ്റ്റന്റ് പറയുന്നു. ഇതിന് തയ്യാറാകാതെ വന്നതോടെ തനിക്ക് പരിശീലനം നിഷേധിക്കപ്പെട്ടെന്ന് ഇവര്‍ വ്യക്തമാക്കി. പരിശീലനം നേടുന്നവരോട് ആര്‍ക്കൊപ്പമാണ് കിടക്ക പങ്കിട്ടതെന്ന ചോദ്യം പതിവാണെന്നും ഇവര്‍ പറയുന്നു.