ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് യുകെയില്‍ മലയാളി യുവാവ് മരണമടഞ്ഞു. യുകെ പ്ലിമൗത്തിന് സമീപം കോണ്‍വാളിലെ ബ്യൂഡില്‍ കുടുംബമായി താമസിച്ചിരുന്ന ഹനൂജ് എം. കുര്യാക്കോസ് (40) ആണ് അന്തരിച്ചത്. ബുധനാഴ്ച രാവിലെ 7 മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ എഴുന്നേറ്റ് വരാതായതോടെ ഭാര്യ വിളിക്കാന്‍ എത്തുമ്പോഴാണ് പ്രതികരണമില്ലാതെ ഹനൂജിനെ ബെഡില്‍ കണ്ടെത്തുന്നത്. ഉടന്‍ സുഹൃത്തുക്കളേ വിളിച്ചു സഹായം തേടുക ആയിരുന്നു. മിനിട്ടുകള്‍ക്കകം പാരാമെഡിക്‌സ് പാഞ്ഞെത്തുമ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
ഉറക്കത്തില്‍ സംഭവിച്ച ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എറണാകുളം കോതമംഗലം സ്വദേശിയാണ് ഹനൂജ്. 7 വര്‍ഷത്തോളം യുകെയിലുണ്ടായിരുന്ന ഹനൂജ് വിസ കാലാവധി തീര്‍ന്നതിനെ തുടര്‍ന്ന് 2012 ല്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ആറ് മാസം മുന്‍പാണ് വീണ്ടും യുകെയില്‍ എത്തുന്നത്. കോണ്‍വാളിലെ ഒരു സ്വകാര്യ കെയര്‍ഹോമില്‍ ജോലി ചെയ്യുന്ന ദിവ്യയാണ് ഭാര്യ. അയാന്‍ (5), ആരോണ്‍ (2) എന്നിവരാണ് മക്കള്‍.
കോതമംഗലം പുന്നേക്കാട് മാപ്പാനിക്കാട്ട് കുര്യാക്കോസ്, അന്നക്കുട്ടി ദമ്പതികളുടെ മകനാണ്. ഏക സഹോദരി ഹണി (ബാസില്‍ഡണ്‍, യുകെ). എല്‍ദോ (സഹോദരി ഭര്‍ത്താവ്). മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്കാരം നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായുള്ള ക്രമീകരണങ്ങള്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ നടക്കുന്നുണ്ട്. മരണവിവരമറിഞ്ഞു ഹണിയും കുടുംബവും ബ്യുഡിലേക്ക് പോയിട്ടുണ്ട്.
മൃതദേഹം ഇപ്പോള്‍ തുടര്‍ നടപടികള്‍ക്കായി പ്ലീമൗത്ത് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.