ന്യൂഡല്‍ഹി: യുകെയിലെ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന് കീഴില്‍ പുതുതായി അധികാരമേറ്റ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ന്യൂഡല്‍ഹിയിലെത്തി. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധി സംഘം സ്വീകരിച്ചു.
അധികാരമേറ്റതിന് ശേഷമുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുകെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ഇന്ത്യയിലെത്തിയതായും അദ്ദേഹത്തിന് ഊഷ്മള സ്വീകരണം നല്‍കിയതായും വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ എക്സില്‍ കുറിച്ചു. ഇരുരാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെത്തിയ ഡേവിഡ് ലാമി വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും ചര്‍ച്ച നടത്തും. യുകെയുടെ വികസനത്തില്‍ ബ്രിട്ടണിലെ ഇന്ത്യക്കാര്‍ നല്‍കുന്ന സംഭാവനകളെ കുറിച്ച് അദ്ദേഹം സംസാരിക്കും. വിദേശകാര്യ സെക്രട്ടറിയായി കഴിഞ്ഞ ജൂലൈ 6 ന് ചുമതലയേറ്റ ഡേവിഡ് ലാമിയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. സംഭാഷണത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനെ കുറിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു.
കഴിഞ്ഞ ജൂണ്‍ 30ന് യുകെയില്‍ നടന്ന ഇന്ത്യ ഗ്ലോബല്‍ ഫോറത്തില്‍ സംസാരിച്ച ലാമി, ഇന്ത്യ 1.4 ബില്യണ്‍ ആളുകളുടെ ഒരു മഹാശക്തിയാണെന്നും , 2030-ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നും പ്രശംസിച്ചിരുന്നു. സാമ്പത്തിക, ആഭ്യന്തര, ആഗോള സുരക്ഷ എന്നിവയില്‍ ഊന്നല്‍ നല്‍കി ഇന്ത്യയുമായി ഒരു പുതിയ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ലാമി പറഞ്ഞിരുന്നു.