മേഗന്‍ മെര്‍ക്കലിനെ ബ്രിട്ടനിലേക്ക് തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവച്ചു ഹാരി രാജകുമാരന്‍. ഐ ടി വിയുടെ ടാബ്ലോയ്ഡ്‌സ് ഓണ്‍ ട്രയല്‍ എന്ന ഡോക്യുമെന്ററിയിലാണ് ഹാരി രാജകുമാരന്‍ തന്റെ ആശങ്ക പ്രകടിപ്പിച്ചത്. ജൂലൈ 25 ന് ആയിരുന്നു ഇത് പ്രീമിയര്‍ ചെയ്തത്. ഒരാള്‍ മാത്രം ശ്രമിച്ചാല്‍ മതിയാകും. ഒരു കത്തിയോ, ആസിഡോ... അതാണ് എന്റെ ആശങ്ക എന്ന് ഹാരി അതില്‍ പറയുന്നു. അതുകൊണ്ടാണ് താന്‍ തന്റെ ഭാര്യയെ തിരികെ ബ്രിട്ടനിലേക്ക് കൊണ്ടുവരാന്‍ ആഗ്രഹിക്കാത്തതെന്നും ഹാരി പറയുന്നു.
മേഗന്‍ ബ്രിട്ടനില്‍ ജീവിച്ചിരുന്ന കാലത്ത് അവരുടെ ജീവന് ഭീഷണി ഉണ്ടായിരുന്നതായി 2022-ല്‍ മുന്‍ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മേധാവി നീല്‍ ബാസു വെളിപ്പെടുത്തിയിരുന്നു. അത് അന്വേഷിക്കാന്‍ പ്രത്യേക സംഘമുണ്ടെന്നും ആ ഭീഷണി ഉയര്‍ത്തിയവരെ പ്രോസിക്യൂട്ട് ചെയ്തിട്ടുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.തന്റെ കുടുംബത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളാണ് രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകളില്‍ നിന്നു പിന്‍വാങ്ങുന്നതിനും രാജ്യം വിടുന്നതിനും തന്നെ നിര്‍ബന്ധിതനാക്കിയത് എന്ന് ഹാരി നേരത്തെയും പറഞ്ഞിട്ടുണ്ട്.
രാജ്കകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകളില്‍ നിന്നും പിന്മാറുന്നു എന്ന പ്രഖ്യാപനം ഉണ്ടായ ഉടന്‍ തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് റോയല്‍റ്റി ആന്‍ഡ് പബ്ലിക് ഫിഗേഴ്സ്, ഹാരിക്കും മേഗനുമുള്ള യു കെ പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു. അതിനായി താന്‍ പണം ചിലവാക്കാം എന്ന ഹാരിയുടെ വാദം പിന്നീട് നിരാകരിക്കപ്പെടുകയും ചെയ്തു. ഈ തീരുമാനത്തെ പിന്നീട് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിനെതിരെ അപ്പീലിന് പോകാന്‍ ഹാരി തയ്യാറെടുക്കുകയാണെന്ന ചില റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.