ബ്രിട്ടനില്‍ ഒരു ദശകത്തിനിടെ മദ്യപിച്ചുള്ള അപകട മരണങ്ങള്‍ ഏറ്റവും ഉയര്‍ന്ന നിലയില്‍. 2022-ല്‍ ബ്രിട്ടനില്‍ മദ്യപിച്ചുള്ള അപകട മരണങ്ങളില്‍ 300 പേര്‍ മരിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. 2009-ല്‍ 380 പേര്‍ മരിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതിന് ശേഷം വാര്‍ഷിക കണക്കുകള്‍ 260ന് അപ്പുറത്തേക്ക് പോയിട്ടില്ല.
എന്നിരുന്നാലും കഴിഞ്ഞ ദശകത്തില്‍ മദ്യപിച്ചുള്ള അപകടങ്ങളുടെ എണ്ണം കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-ല്‍ മദ്യപിച്ചുള്ള അപകട മരണങ്ങള്‍ റോഡ് അപകടങ്ങളുടെ 18 ശതമാനമാണ്. കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് റോഡ് സേഫ്റ്റി ചാരിറ്റി റോഡ്‌സ്മാര്‍ട്ട് പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കണക്കുകളില്‍ വര്‍ദ്ധനവുണ്ടെന്ന് ചാരിറ്റി ചൂണ്ടിക്കാണിച്ചു.
മദ്യപിച്ച് ഡ്രൈവ് ചെയ്താല്‍ വലിയ പ്രശ്‌നമില്ലെന്ന് കരുതുന്നവര്‍ പലപ്പോഴും അപകടം വരുത്തിവെയ്ക്കുന്നതായാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. കടുത്ത പിഴയും പെനാല്‍റ്റി പോയിന്റും വഴി ഇത് നിയന്ത്രിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.