കുടിയേറ്റക്കാര്‍ക്ക് ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി അടുത്ത വര്‍ഷം ഉയര്‍ത്തുന്ന കണ്‍സര്‍വേറ്റീവ് സര്‍ക്കാരിന്റെ പദ്ധതി തത്ക്കാലം നടപ്പാക്കേണ്ടതില്ലെന്നു കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. പങ്കാളിയെയോ ആശ്രിതരെയോ കൂടെ കൊണ്ടു വരുന്നതിനുള്ള ചുരുങ്ങിയ വരുമാന പരിധി ഈ വര്‍ഷം ആദ്യം 18,600 പൗണ്ടില്‍ നിന്നും 29,000 പൗണ്ട് ആക്കി ഉയര്‍ത്തിയിരുന്നു. അടുത്ത വര്‍ഷം ഇത് 38,700 പൗണ്ട് ആക്കാനായിരുന്നു ഉദ്ദേശ്യം. എന്നാല്‍, ഈ വര്‍ധനവാണ് വേണ്ടെന്ന് വച്ചിരിക്കുന്നത്.
ഈ പരിധി പുനപരിശോധിക്കണമെന്നും നീതീകരിക്കാവുന്ന രീതിയിലുള്ള ശമ്പള പരിധി നിര്‍ദ്ദേശിക്കണമെന്നും മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി (എം എ സി) യോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. രാജ്യത്തിന്റെ ക്ഷേമത്തോടൊപ്പം കുടുംബ ജീവിതത്തിന്റെ സാഹചര്യവും കണക്കിലെടുക്കേണ്ടതുണ്ട് എന്നായിരുന്നു ജനപ്രതിനിധി സഭയില്‍ അവര്‍ എം പിമാരോട് പറഞ്ഞത്. നിലവില്‍ ആശ്രിതരെ കൊണ്ടു വരുന്നതിനുള്ള വരുമാന പരിധി 29,000 പൗണ്ട് ആണ്. എം എ സി ഇക്കാര്യം പുനഃപരിശോധിച്ച് തീരുമാനം എടുക്കുന്നത് വരെ അത് മാറ്റമില്ലാതെ തുടരും.
വരുമാന പരിധി 38,700 പൗണ്ട് ആക്കി ഉയര്‍ത്തുന്നത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ അന്നത്തെ ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലിയായിരുന്നു ഇത് പ്രഖ്യാപിച്ചത്.
അതേസമയം, ടോറി സര്‍ക്കാര്‍ കൊണ്ടുവന്ന, വിദ്യാര്‍ത്ഥികള്‍ക്കും കെയര്‍ വര്‍ക്കര്‍മാര്‍ക്കും കുടുംബത്തെ കൂടെ കൊണ്ടു വരുന്നതിനുള്ള നിയന്ത്രണം, സ്‌കില്‍ഡ് വര്‍ക്കര്‍ വിസക്ക് യോയഗ്യത നേടുന്നതിനുള്ള കുറഞ്ഞ ശമ്പള പരിധി 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ട് ആക്കിയത് തുടങ്ങിയവയെല്ലാം തുടരും.