യു.കെ.വാര്‍ത്തകള്‍

സന്ദര്‍ലന്‍ഡ് കലാപം; മോസ്‌കും പോലീസ് സ്റ്റേഷനും ആക്രമിച്ചു; കാറിന് തീയിട്ടു; പോലീസുകാര്‍ക്ക് പരിക്ക്

സന്ദര്‍ലന്‍ഡില്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ അക്രമികള്‍ ഒരു പോലീസ് സ്റ്റേഷന്‍ ആക്രമിക്കുകയും തൊട്ടടുത്തുള്ള കെട്ടിടത്തിന് തീയിടുകയും മോസ്‌കിന് നേരെയും ആക്രമണം ഉണ്ടായി. ഒരു കാറും അക്രമികള്‍ അഗ്‌നിക്കിരയാക്കി. സംഘര്‍ഷത്തില്‍ പരിക്കേറ്റ മൂന്ന് പോലീസുകാരെ ആശുപത്രിയിലേക്ക് മാറ്റി, സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ അറസ്റ്റ് ചെയ്തതായി നോര്‍ത്തംബ്രിയ പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച രാത്രി, ഒരു മോസ്‌കിന് വെളിയില്‍ നടന്ന സംഘര്‍ഷത്തില്‍ പോലീസിനു നേരെ അക്രമികള്‍ ബിയര്‍ ക്യാനുകളും കല്ലുകളും എറിഞ്ഞു. ഇവിടെ വെച്ചായിരുന്നു കാര്‍ അഗ്‌നിക്കിരയാക്കിയത്. കഴിഞ്ഞ തിങ്കളാഴ്ച സൗത്ത്‌പോര്‍ട്ടില്‍ ഒരു ഡാന്‍സ് ക്ലാസ്സില്‍ വെച്ച് മൂന്നു പെണ്‍കുട്ടികളെ കുത്തിക്കൊന്ന സംഭവത്തെ തുടര്‍ന്ന് ഇംഗ്ലണ്ടില്‍ അങ്ങോളമിങ്ങോളം സംഘര്‍ഷം പുകയുകയാണ്.

ഗുരുതരമായ, നീണ്ടുനിന്ന അക്രമങ്ങളാണ് നടന്നതെന്ന് നോര്‍ത്തംബ്രിയ പോലീസ് ചീഫ് സുപ്രണ്ട് ഹെലെന ബാരോണ്‍ പറഞ്ഞു. അത് തികച്ചും അപലപനീയമാണെന്നും അവര്‍ തുടര്‍ന്നു. ഈ ക്രിമിനല്‍ സംഭവത്തിന് കാരണക്കാരായവരെ കണ്ടുപിടിക്കാന്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ സ്വീകാര്യമല്ലെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. പരിക്കേറ്റ മൂന്ന് പോലീസുകാരില്‍ ഒരാള്‍ ആശുപത്രി വിട്ടു. മറ്റ് രണ്ട് പേര്‍ അശുപത്രിയില്‍ തന്നെ തുടരുകയാണ്.

ആള്‍ക്കൂത്തില്‍ നിന്നും ഇസ്ലാമിക വിരുദ്ധ മുദ്രാവാക്യങ്ങള്‍ക്കൊപ്പം തീവ്ര വലതുപക്ഷ പ്രവര്‍ത്തകനായ, ടോമി റോബിന്‍സണ്‍ എന്ന് അറിയപ്പെടുന്ന സ്റ്റീഫന്‍ യാക്സ്ലി ലെനന് അനുകൂലമായ മുദ്രാവാക്യങ്ങളും ഉയര്‍ന്നിരുന്നു. സൗത്ത്‌പോര്‍ട്ടില്‍ കൊലക്കുറ്റത്തിന് അറസ്റ്റിലായ വ്യക്തി അഭയാര്‍ത്ഥിയാണെന്നും, അടുത്തിടെ യു കെയില്‍ എത്തിയതാണ് എന്നുമുള്ള വ്യാജ വാര്‍ത്ത യാക്സ്ലി - ലെനന്റെ എക്സ് അക്കൗണ്ടിലൂടെ പ്രചരിച്ചിരുന്നു.

പ്രതിഷേധക്കാരെ തടയുവാന്‍ സന്ദര്‍ലന്‍ഡില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിച്ചിരുന്നു. അവരില്‍ ചിലര്‍ മുഖംമൂടി ധരിച്ചായിരുന്നു എത്തിയിരുന്നത്. പോലീസുകാര്‍ക്ക് നേരെ കുപ്പികളും കല്ലും വലിച്ചെറിഞ്ഞ ആള്‍ക്കൂട്ടം, 'ഇതാരുടെ തെരുവാണ്, ഞങ്ങളുടെ തെരുവ്' എന്ന് ഉച്ചത്തില്‍ വിളിക്കുന്നുമുണ്ടായിരുന്നു. പോലീസിനേ ആക്രമിക്കുന്നവര്‍ അതിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് ഹോം സെക്രട്ടറി യുവറ്റ് കൂപ്പര്‍ മുന്നറിയിപ്പ് നല്‍കി .

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions