കത്തി കൊണ്ടുള്ള ആക്രമണവും, ലൈംഗികാതിക്രമവും, ബലാത്സംഗവും ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി ലെസ്റ്ററില്‍ ഒരു 13 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ന്യൂഫൗണ്ട്പൂള്‍ ഭാഗത്ത് മൂന്നാഴ്ചയായി ഈ ബാലന്റെ വിക്രിയകള്‍ നടന്നു വരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച അതിരാവിലെയാണ് പോലീസ് ഈ കൗമാരക്കാരന്റെ അറസ്റ്റ് ചെയ്തത്.
ബലാത്സംഗ ശ്രമം, ഒരു സ്ത്രീക്ക് നേരെയുള്ള ലൈംഗികാതിക്രമം, അനധികൃതമായി ആയുധം കൈവയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കൗമാരക്കാരന് മേല്‍ ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ജൂലൈ 10 ന് റൂബി സ്ട്രീറ്റില്‍ വെച്ചായിരുന്നു കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇയാള്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ജൂലൈ 29 ന് സ്റ്റീഫന്‍സണ്‍ ഡ്രൈവില്‍ വെച്ച് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനും ഈ 13 കാരന് മേല്‍ കേസ് ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്.
രണ്ട് ദിവസത്തിന് ശേഷം റോവാന്‍ സ്ട്രീറ്റില്‍ വെച്ചും ഈ ബാലന്‍ മറ്റൊരു സ്ത്രീയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ലൈംഗികമായി അതിക്രമിച്ചു. അതിന് പുറമെ വ്യാഴാഴ്ച ഫോസ്സ് റോഡില്‍ അനധികൃതമായി കത്തി കൈവശം വച്ചതിന് ഒരു കേസ് കൂടി ഈ കൗമാരക്കാരന് മേല്‍ പോലീസ് ചുമത്തിയിട്ടുണ്ട്. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും, ഇതിനെ കുറിച്ച് കൂടുതല്‍ അറിയാവുന്നവര്‍ മുന്നോട്ടുവരണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
മാത്രമല്ല, ഈ അക്രമിയുടെ ഇര ആയിട്ടുള്ളവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഉടന്‍ പോലീസുമായി ബന്ധപ്പെടാനും അവര്‍ ആവശ്യപ്പെടുന്നു. കൗമാരക്കാരനെ കഴിഞ്ഞ ദിവസം ലെസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.