ലേബര്‍ സര്‍ക്കാര്‍ രൂപീകൃതമായ സാഹചര്യത്തില്‍ ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്കായി ഇരട്ട അക്കത്തിലുള്ള ശമ്പള വര്‍ദ്ധന ആവശ്യപ്പെടാന്‍ റെയില്‍ യൂണിയനുകള്‍. കഴിഞ്ഞ മാസം ചര്‍ച്ചകള്‍ പുനരാരംഭിച്ചതോടെ ഡ്രൈവര്‍മാര്‍ക്കായി ചുരുങ്ങിയത് 10 ശതമാനം വര്‍ദ്ധന വേണമെന്നാണ് അസ്ലെഫ് യൂണിയന്‍ സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്.
ടോറി ഗവണ്‍മെന്റ് ഓഫര്‍ ചെയ്ത 8 ശതമാനത്തേക്കാള്‍ കാല്‍ശതമാനം അധികമാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. ഇത് നടപ്പായിരുന്നെങ്കില്‍ ശരാശരി ട്രെയിന്‍ ഡ്രൈവറുടെ ശമ്പളം 60,000 പൗണ്ടില്‍ നിന്നും 65,000 പൗണ്ടിലേക്ക് ഉയരുമായിരുന്നു.
ശമ്പളവര്‍ദ്ധനവ് നല്‍കാന്‍ കര്‍ശനമായ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കണമെന്ന പരിഷ്‌കാരങ്ങള്‍ ലേബര്‍ ഗവണ്‍മെന്റ് തള്ളണമെന്നും യൂണിയന്‍ ആവശ്യപ്പെടുന്നു. 10 ശതമാനം ശമ്പളവര്‍ദ്ധന തള്ളാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ലൂസി ഹെയ്ഗ് തയ്യാറായിട്ടില്ല. ചര്‍ച്ചകളില്‍ ഇവര്‍ നേരിട്ട് പങ്കെടുത്തിട്ടില്ല.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായാല്‍ ലേബറിനായി കാശുമുടക്കിയത് യൂണിയനുകളാണെന്ന ആരോപണം ശക്തിപ്പെടും. ടോറികള്‍ മുന്നോട്ട് വെച്ച 8 ശതമാനം ഓഫര്‍ അസ്ലെഫ് മേധാവി മിക്ക് വെലാന്‍ തള്ളിയിരുന്നു. ഇദ്ദേഹം ഹെയ്ഗിന്റെ അടുത്ത അനുയായിയും, ലേബറിന്റെ ശക്തമായ നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.
പണപ്പെരുപ്പം 2 ശതമാനമായി താഴ്ന്ന സാഹചര്യത്തില്‍ ലേബര്‍ ഭൂരിപക്ഷം പബ്ലിക് സെക്ടര്‍ ജോലിക്കാര്‍ക്കും 5.5 ശതമാനം ശമ്പളവര്‍ദ്ധന അംഗീകരിച്ചിട്ടുണ്ട്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 22 ശതമാനം വര്‍ദ്ധന ഓഫര്‍ ചെയ്‌തെങ്കിലും തീരുമാനമായിട്ടില്ല.