ബ്രിട്ടനെ കൂടുതല്‍ കലാപ കലുഷിതമാക്കാന്‍ പദ്ധതിയുമായി തീവ്രവലത് അക്രമി സംഘങ്ങള്‍. രാജ്യത്ത് 38 ഇടങ്ങളിലായി ഹിറ്റ് ലിസ്റ്റ് തയ്യാറാക്കിയ അക്രമികള്‍ ഇന്ന് ഇമിഗ്രേഷന്‍ സെന്ററുകളും, അഭിഭാഷകരുടെ വീടുകളും ഉള്‍പ്പെടെ ലക്ഷ്യമിട്ട് രംഗത്തിറങ്ങുമെന്നാണ് ഭീഷണി മുഴക്കുന്നത്. ആല്‍ഡെര്‍ഷോട്ട് മുതല്‍ വിഗാന്‍ വരെയുള്ള 38 പട്ടണങ്ങളിലും, നഗരങ്ങളിലുമായി പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടാകുമെന്നാണ് സംഘാടകരുടെ നിലപാട്.
മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, പ്ലൈമൗത്ത്, ബര്‍മിംഗ്ഹാം എന്നിവിടങ്ങളില്‍ കലാപങ്ങള്‍ ഗുരുതരമായ അക്രമങ്ങളിലേക്ക് വഴിമാറിയിരുന്നു. സൗത്ത്‌പോര്‍ട്ടില്‍ കത്തിക്കുത്ത് കൊലപാതകങ്ങള്‍ നടത്തിയത് ചാനല്‍ കടന്നെത്തിയ അഭയാര്‍ത്ഥിയാണെന്ന വ്യാജ പ്രചരണമാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമേകിയത്. എന്നാല്‍ ഇപ്പോള്‍ തീവ്രവലത് വിഭാഗങ്ങള്‍ കലാപം ആളിക്കത്തിക്കുകയാണ്.
ബുധനാഴ്ച 38 ഇടങ്ങളിലായി സംഘടിക്കാന്‍ സോഷ്യല്‍ മീഡിയ വഴി നല്‍കിയ ആഹ്വാനമാണ് ചോര്‍ന്നത്. സാഹചര്യം ഭീഷണിയാണെന്ന് വിലയിരുത്തിയാണ് നീങ്ങുന്നതെന്ന് പോലീസ് സ്രോതസ്സുകള്‍ വ്യക്തമാക്കി. ചില പ്രതിഷേധങ്ങള്‍ മുന്‍കൂട്ടി നിശ്ചയിക്കുന്നതാണെങ്കിലും, ഓണ്‍ലൈനിലെ പ്രചരണങ്ങളുടെ പേരില്‍ പെട്ടെന്ന് ജനക്കൂട്ടം തെരുവിലിറങ്ങുന്നത് പ്രതിസന്ധിയാകുന്നു.
38 ടൗണുകളും, നഗരങ്ങളും ലക്ഷ്യമിട്ട് പ്രതിഷേധക്കാര്‍ എത്തുമെന്ന് വ്യക്തമായതോടെ പല ഭാഗത്തും ഓഫീസുകള്‍ സുരക്ഷയെ കരുതി ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആല്‍ഡെര്‍ഷോട്ട്, കാന്റര്‍ബറി, ബെഡ്‌ഫോര്‍ഡ്, ബര്‍മിംഗ്ഹാം, ഡെര്‍ബി എന്നിവിടങ്ങളും പട്ടികയിലുണ്ട്.
ഇമിഗ്രേഷന്‍ സെന്ററുകള്‍ മുതല്‍ അഭയാര്‍ത്ഥി ഷെല്‍റ്ററുകളും, അഭിഭാഷകരുടെ വീടുകളും ലക്ഷ്യമിട്ട് ഇന്ന് പ്രതിഷേധക്കാര്‍ എത്തുമെന്ന് തിരിച്ചറിഞ്ഞതോടെ 6000 ഓഫീസര്‍മാരെ സേനകള്‍ സജ്ജമാക്കിയിട്ടുണ്ട്. കലാപങ്ങളില്‍ ഇതുവരെ നൂറിലേറെ പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ചുരുങ്ങിയത് ഒരാള്‍ക്കെതിരെ തീവ്രവാദ നിയമങ്ങളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ പറഞ്ഞു.
പ്രതിഷേധങ്ങള്‍ അരങ്ങേറുന്ന ഭാഗങ്ങള്‍ ഒഴിവാക്കാനും, ജാഗ്രത പാലിക്കാനും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മലയാളി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.