കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന കലാപത്തിന്റെ പശ്ചാത്തലത്തില്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വിട്ട് പോകുമെന്ന് ബെല്‍ഫാസ്റ്റിലെ ഒരു ഇന്ത്യന്‍ നഴ്സ് ബി ബി സിയോട് പറഞ്ഞു. തന്റെ കരാര്‍ കാലാവധി അവസാനിക്കുന്നതോടെ മടങ്ങുമെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത, ഇന്ത്യയില്‍ നിന്നുള്ള ഈ സ്റ്റാഫ് ഈ നഴ്സ് ബി ബി സി ന്യൂസ് എന്‍ ഐയോട് പറഞ്ഞത്. താനും തന്റെ കുടുംബവും അക്ഷരാര്‍ത്ഥത്തില്‍ ഭയന്ന് ഇരിക്കുകയാണെന്നു ഇവര്‍ പറഞ്ഞു.
താന്‍, ഹോസ്പിറ്റലില്‍ ജോലിക്ക് വരാന്‍ തന്നെ ഭയക്കുന്നു എന്നാണ് അവര്‍ പറയുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല എന്നാണ് ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ട്രസ്റ്റ് വ്യക്തമാക്കുന്നത്. ഏതാണ് 10 ഓളം വിദേശ നഴ്സുമാര്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് വിട്ട് പോകാന്‍ തയ്യാറെടുക്കുകയാണെന്ന് അവര്‍ പറയുന്നു.
കഴിഞ്ഞ രണ്ടര വര്‍ഷമായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസിക്കുന്ന ഈ നഴ്സ് പറഞ്ഞത്, ഇവിടെ ജോലി സാധ്യതകള്‍ ഉള്ളതുകൊണ്ടാണ് താന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് വന്നത് എന്നാണ്. എന്നാല്‍, ഇനി ഇവിടെ താമസിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും അവര്‍ പറഞ്ഞു. പുറത്തേക്ക് ഇറങ്ങാന്‍ തന്നെ ഭയമാകുന്നു എന്നും, തന്റെ സഹപ്രവര്‍ത്തകരും ഭയന്നിരിക്കുകയാണെന്നും അവര്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും ചില കൂട്ടുകാരുമല്ലാതെ സഹായിക്കാന്‍ മറ്റാരുമില്ലെന്നും അവര്‍ പറഞ്ഞു. ഇത്തരം ലഹളകള്‍ എന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്നും അവര്‍ പറയുന്നു.
അതേസമയം, വിദേശ നഴ്സുമാര്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നതില്‍ വിഷമമുണ്ടെന്ന് പറഞ്ഞ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആരോഗ്യ വകുപ്പ് മന്ത്രി മൈക്ക് നെസ്ബിറ്റ്, വിദേശ നഴ്സുമാരുടെ സേവനം അങ്ങേയറ്റം വിലമതിക്കുന്നുവെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം നടന്നതുപോലുള്ള അക്രമങ്ങളെയും വംശീയ വിദ്വേഷത്തെയും ഒരുമിച്ച് നിന്ന് ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.