എനര്‍ജി റെഗുലേറ്റര്‍ ഓഫ്‌ജെം നിശ്ചയിക്കുന്ന എനര്‍ജി പ്രൈസ് ക്യാപ് ഈ വിന്ററില്‍ 10 ശതമാനം വര്‍ദ്ധിക്കുമെന്നാണ് എനര്‍ജി കണ്‍സള്‍ട്ടന്‍സി ബിഎഫ്‌വൈ ഗ്രൂപ്പിലെ അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. ഈ പ്രവചനങ്ങള്‍ സത്യമായാല്‍ ഒക്ടോബര്‍ 1 മുതല്‍ പ്രൈസ് ക്യാപ് ഏകദേശം 1700 പൗണ്ടിലേക്ക് വര്‍ദ്ധിക്കും.
ഈ വര്‍ഷം അവസാന പാദത്തില്‍ ശരാശരി ഭവനങ്ങളുടെ എനര്‍ജി ബില്ലുകള്‍ ഏകദേശം 10 ശതമാനം ഉയരുമെന്ന് കോണ്‍വാള്‍ ഇന്‍സൈറ്റും നേരത്തെ പ്രവചിച്ചിരുന്നു. എന്നാല്‍ ലേബര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ പ്രായമായ ആളുകള്‍ക്ക് നല്‍കിയിരുന്ന വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ നിര്‍ത്തലാക്കുകയാണെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചിരുന്നു.
ഇതോടെ ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും എല്ലാ പെന്‍ഷന്‍കാര്‍ക്കും ലഭിക്കുമായിരുന്ന പദ്ധതിയാണ് ഇല്ലാതായത്. ഈ ബെനഫിറ്റ് ലഭിക്കാന്‍ ചില പരിശോധനകള്‍ക്ക് വിധേയമാകണമെന്നാണ് ചാന്‍സലറുടെ നിലപാട്. മുന്‍ ഗവണ്‍മെന്റ് വരുത്തിവെച്ച 22 ബില്ല്യണ്‍ പൗണ്ടിന്റെ കടക്കെണി മറികടക്കാനാണ് ഈ നീക്കമെന്ന് റീവ്‌സ് ന്യായീകരിക്കുന്നു.