ടോപ്പ് എ- ലെവല്‍ ഗ്രേഡുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം 16,000 വരെ കുറവ് സംഭവിക്കുമെന്ന് റിപ്പോര്‍ട്ട്. മഹാമാരി കാലത്ത് മാര്‍ക്ക് നല്‍കുന്ന മൃദുസമീപനം അവസാനിച്ചതോടെയാണ് ഉന്നത എ-ഗ്രേഡുകള്‍ ഇടിയുന്നത്.
വ്യാഴാഴ്ച ഫലങ്ങള്‍ ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇത് തുറക്കുമ്പോള്‍ എ*, എ ഗ്രേഡുകളില്‍ 7 ശതമാനത്തോളം ഇടിവ് സംഭവിക്കുമെന്ന് ബക്കിംഗ്ഹാം യൂണിവേഴ്‌സിറ്റി റിപ്പോര്‍ട്ട് പറയുന്നു. എ* ഗ്രേഡുകള്‍ മാത്രം 11,000 കുറയുമെന്നാണ് കരുതുന്നത്, ഏകദേശം 14 ശതമാനം.
ഇതോടെ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്‌കൂള്‍ ലീവേഴ്‌സിന് മാര്‍ക്ക് ലഭിക്കുന്നത് ബുദ്ധിമുട്ടേറിയ അവസ്ഥയായി മാറും. കൊവിഡ് കാലത്ത് ക്ലാസുകള്‍ നഷ്ടമായതിന്റെ ഇളവൊന്നും ഇക്കുറി വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
2023-ല്‍ തന്നെ കോവിഡിന് മുന്‍പുള്ള നിലവാരത്തിലേക്ക് ഗ്രേഡിംഗ് തിരിച്ചെത്തിക്കാന്‍ ഇംഗ്ലണ്ടിലെ എക്‌സാം അധികാരികള്‍ ലക്ഷ്യമിട്ടെങ്കിലും ഇപ്പോഴും ഫലങ്ങള്‍ അല്‍പ്പം മുകളിലാണ്. എന്നാല്‍ 2024 ആഗസ്റ്റില്‍ ഗ്രേഡുകള്‍ 2019 നിലവാരത്തിലേക്ക് മടങ്ങുമെന്ന് ബക്കിംഗ്ഹാം എഡ്യുക്കേഷന്‍ എക്‌സ്‌പേര്‍ട്ട് പ്രൊഫ. അലന്‍ സ്മിത്തേഴ്‌സ് പറഞ്ഞു.