ഒരു മുസ്ലീം വിശ്വാസിയായ രാഷ്ട്രീയ നേതാവ് എന്ന നിലയില്‍ താനും സുരക്ഷിതനല്ലെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. യുകെയില്‍ നടന്ന സംഭവങ്ങളില്‍ താന്‍ അതീവ ദുഖിതനാണെന്നും, ഹൃദയ ഭേദകമായ ഒരു അനുഭവമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു. ലഹള ഇനിയും അവസാനിച്ചിട്ടില്ലെന്നും, കൂടുതല്‍ സംഭവങ്ങള്‍ പ്രതീക്ഷിക്കുന്നതായും പോലീസ് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടു പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എന്നാല്‍, ബുധനാഴ്ച പലയിടങ്ങളിലും പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചതും വംശീയ വിദ്വേഷത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളുമായി ജനം തെരുവിലിറങ്ങിയതും വലതുപക്ഷ വാദികളെ പിന്നോട്ടുവലിച്ചിട്ടുണ്ട്.
കോടതികളും, ലഹളയുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ ഊര്‍ജിതമായി ഇടപെടല്‍ നടത്തിയതോടെ പല കേസുകളിലും ശിക്ഷയും ഉറപ്പിക്കാനായി. എന്നാല്‍, മൂന്ന് വര്‍ഷത്തില്‍ തടവ് ശിക്ഷ ലഭിച്ച പലരെയും, ശിക്ഷാ കാലാവധി തീരുന്നതിനു മുന്‍പ് തന്നെ മോചിപ്പിച്ചേക്കും. ജയിലിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള ലേബര്‍ പാര്‍ട്ടിയുടെ പുതിയ നയത്തിന്റെ ഭാഗമായിട്ടാണിത്. അതിനിടയില്‍, ലഹളയും കലാപവുമായി തെരുവിലിറങ്ങുന്നവരുടെ കഴുത്ത് മുറിക്കണമെന്ന് പ്രസംഗിച്ച ലേബര്‍ കൗണ്‍സിലറെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
വലതുപക്ഷ തീവ്രവാദികള്‍ നടത്തിയ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 700 ല്‍ അധികം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇനിയും നൂറുകണക്കിന് പേര്‍ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു. ആകെ അറസ്റ്റിലായ 741 പേരില്‍ 32 പേര്‍ അറസ്റ്റിലായത് ഓണ്‍ലൈന്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും കലാപാഹ്വാനം നടത്തിയതിനുമാണ്. അതിനോടൊപ്പം അക്രമ സംഭവങ്ങള്‍, മോഷണം, കൊള്ള, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം എന്നിവയ്ക്കും വ്യത്യസ്ത വ്യക്തികളുടെ പേരില്‍ കേസുകള്‍ ചാര്‍ജ്ജ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 302 കേസുകളാണ് കോടതിയില്‍ എത്തിച്ചിട്ടുള്ളത്.