ലണ്ടന്‍: യുകെയിലെ ഐടി, ടെലികോം മേഖലയില്‍ എഞ്ചിനീയറിങ് പ്രഫഷനലുകളുടെ കുടിയേറ്റം നിയന്ത്രിക്കാന്‍ നീക്കം. ഈ രംഗത്തു വിദേശ റിക്രൂട്‌മെന്റ് വ്യാപകമാകാനുള്ള കാരണം വിലയിരുത്താന്‍ യുകെ ആഭ്യന്തരമന്ത്രി ഇവറ്റ് കൂപ്പര്‍ സ്വതന്ത്ര ഏജന്‍സിയായ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റിക്കു നിര്‍ദേശം നല്‍കി. യുകെയില്‍ കുടിയേറ്റവിരുദ്ധ കലാപം തുടരുന്നതിനിടെയാണു നീക്കം. നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ ഏറ്റവുമധികം ബാധിക്കുക ഇന്ത്യയില്‍നിന്നുള്ള പ്രഫഷനലുകളെയാകും.
ഐടി, ടെലികോം മേഖലയിലെ തദ്ദേശീയ പ്രഫഷനലുകളുടെ കുറവ്, വേതനം, പരിശീലന സാഹചര്യം, വിദേശ ജീവനക്കാരെ സ്വീകരിക്കുന്നതിനു പകരമുള്ള മാര്‍ഗം തുടങ്ങിയ കാര്യങ്ങളില്‍ 9 മാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണു നിർദേശം.
'എല്ലാ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ നമ്മുടെ സാമ്പത്തികരംഗത്തിനു നല്‍കുന്ന സംഭാവനകള്‍ വലുതാണ്. അതേസമയം, സംവിധാനത്തെ നിയന്ത്രിക്കേണ്ടതുണ്ട്'- എംഎസിക്ക് അയച്ച കത്തില്‍ ഇവറ്റ് കൂപ്പര്‍ വിശദീകരിച്ചു.
കുടിയേറ്റ വ്യവസ്‌ഥകള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനെപ്പറ്റി പഠിക്കാനും പ്രാദേശിക ജീവനക്കാരുടെ ശമ്പളപരിഷ്കരണത്തിനുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 67,703 വിദഗ്ധ തൊഴില്‍ വീസയാണു യുകെ അനുവദിച്ചത്. അനുവദിക്കുന്ന തൊഴില്‍ വീസകളില്‍ ആറിലൊന്നും ടെക്നോളജി മേഖലയിലാണ്.
എന്നാല്‍, ബുധനാഴ്ച പലയിടങ്ങളിലും പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചതും വംശീയ വിദ്വേഷത്തിനെതിരെ കടുത്ത പ്രതിഷേധങ്ങളുമായി ജനം തെരുവിലിറങ്ങിയതും വലതുപക്ഷ വാദികളെ പിന്നോട്ടുവലിച്ചിട്ടുണ്ട്.
കോടതികളും, ലഹളയുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ ഊര്‍ജിതമായി ഇടപെടല്‍ നടത്തിയതോടെ പല കേസുകളിലും ശിക്ഷയും ഉറപ്പിക്കാനായി. എന്നാല്‍, മൂന്ന് വര്‍ഷത്തില്‍ തടവ് ശിക്ഷ ലഭിച്ച പലരെയും, ശിക്ഷാ കാലാവധി തീരുന്നതിനു മുന്‍പ് തന്നെ മോചിപ്പിച്ചേക്കും. ജയിലിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള ലേബര്‍ പാര്‍ട്ടിയുടെ പുതിയ നയത്തിന്റെ ഭാഗമായിട്ടാണിത്.
ലഹളയും കലാപവുമായി തെരുവിലിറങ്ങുന്നവരുടെ കഴുത്ത് മുറിക്കണമെന്ന് പ്രസംഗിച്ച ലേബര്‍ കൗണ്‍സിലറെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
വലതുപക്ഷ തീവ്രവാദികള്‍ നടത്തിയ കലാപവുമായി ബന്ധപ്പെട്ട് ഇതുവരെ 700 ല്‍ അധികം പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇനിയും നൂറുകണക്കിന് പേര്‍ അറസ്റ്റിലാകുമെന്നും പോലീസ് പറഞ്ഞു. ആകെ അറസ്റ്റിലായ 741 പേരില്‍ 32 പേര്‍ അറസ്റ്റിലായത് ഓണ്‍ലൈന്‍ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനും കലാപാഹ്വാനം നടത്തിയതിനുമാണ്. അതിനോടൊപ്പം അക്രമ സംഭവങ്ങള്‍, മോഷണം, കൊള്ള, സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം എന്നിവയ്ക്കും വ്യത്യസ്ത വ്യക്തികളുടെ പേരില്‍ കേസുകള്‍ ചാര്‍ജ്ജ് ചെയ്യുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
ഇതുവരെ 302 കേസുകളാണ് കോടതിയില്‍ എത്തിച്ചിട്ടുള്ളോത്. കൂടുതല്‍ കേസുകള്‍ വരും ദിവസങ്ങളില്‍ ചാര്‍ജ്ജ് ചെയ്യപ്പെറ്റും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേത് ഉള്‍പ്പടെയാണ് ഈ കണക്കുകള്‍.