കരിയര്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്ക മൂലം യുകെയില്‍ മെഡിസിന്‍ കോഴ്‌സെടുക്കാനുള്ള അപേക്ഷകളില്‍ 10% ഇടിവ്. മെഡിക്കല്‍ ഡിഗ്രികള്‍ക്കുള്ള അപേക്ഷകളില്‍ 12 ശതമാനം ഇടിവ് രേഖപ്പെടുത്തിയതോടെയാണ് ഇത്.
എ-ലെവലില്‍ മൂന്ന് വിഷയങ്ങളില്‍ എ* അല്ലെങ്കില്‍ എ ലഭിച്ചെങ്കിലാണ് മെഡിസിന് അപേക്ഷിക്കാന്‍ കഴിയുക. പരമ്പരാഗതമായി ഏറ്റവും മത്സരക്ഷമതയുള്ള കോഴ്‌സ് കൂടിയാണിത്. എന്നാല്‍ ഈ കോഴ്‌സിന് അപേക്ഷിച്ച 18-കാരായ ബ്രിട്ടീഷ് വിദ്യാര്‍ത്ഥികളുടെ എണ്ണം 2022-ല്‍ 13,850 ആയിരുന്നത് ഈ വര്‍ഷം 12,100-ലേക്ക് താഴ്ന്നതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
കരിയര്‍ സംബന്ധിച്ച് നിലനില്‍ക്കുന്ന ആശങ്കകളാകാം ഈ ഇടിവിന് കാരണമെന്നാണ് യൂണിവേഴ്‌സിറ്റീസ് യുകെയിലെ വിവിയന്‍ സ്‌റ്റേണ്‍ ടൈംസിനോട് പ്രതികരിക്കുന്നത്. മറ്റ് കരിയറുകളുമായി താരതമ്യം ചെയ്യുമ്പോള്‍ കുറഞ്ഞ പ്രാരംഭ ശമ്പളം നല്‍കുന്നുവെന്നതാണ് യുവാക്കളെ പിന്തിരിപ്പിക്കുന്ന പ്രധാന ഘടകം.
ലണ്ടന്‍ ഇംപീരിയല്‍ കോളേജില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സ് ഗ്രാജുവേഷന്‍ നേടുന്നവര്‍ക്ക് ആദ്യ വര്‍ഷം 64,000 പൗണ്ട് ലഭിക്കുമ്പോള്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് 35,000 പൗണ്ടാണ് തുടക്ക ശമ്പളം. അതേസമയം ഈ നിരക്ക് വളരെ വേഗത്തില്‍ വര്‍ദ്ധിക്കുമെന്നത് വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുന്നില്ല. ഇതോടെ തദ്ദേശീയരായ ഡോക്ടര്‍മാരെ പരിശീലിപ്പിച്ച് എടുക്കുമെന്ന ഗവണ്‍മെന്റ് പ്രഖ്യാപനത്തിനാണ് തിരിച്ചടി നേരിടുന്നത്.