ലണ്ടന്‍: കേരളത്തിലെ ചൂടേറിയ വേനല്‍ക്കാലത്തെ അനുസ്മരിപ്പിച്ചു ബ്രിട്ടനും ചുട്ടുപൊള്ളുന്നു. ബ്രിട്ടീഷുകാര്‍ ഇന്നലെ അനുഭവിച്ചത് ഈവര്‍ഷത്തെ ഏറ്റവും ചൂടേറിയ ദിനം ആണ്. രാജ്യത്തിന്റെ പലഭാഗത്തും ഉച്ചയോടെ താപനില 33 ഡിഗ്രിക്ക് മുകളിലെത്തി. കേംബ്രിഡ്ജില്‍ രേഖപ്പെടുത്തിയത് 34-8 ഡിഗ്രി താപനിലയാണ്. സെന്‍ട്രല്‍ ഇംഗ്ലണ്ടിലും സൗത്ത് ഇഗ്ലണ്ടിലുമാണ് ചൂടില്‍ ജനങ്ങള്‍ ഏറ്റവും വലഞ്ഞത്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ രാവിലെ ലഭിച്ച ചാറ്റല്‍ മഴയും വൈകിട്ട് ഇടിയോടുകൂടിയെത്തിയ മഴയും ആശ്വാസമായി.
ഇംഗ്ലണ്ടില്‍ പലേടത്തും യെല്ലോ, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാണ് അധികൃതര്‍ ചൂടിനെ നേരിടാന്‍ തയാറാകണമെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഈ ജാഗ്രതാ നിര്‍ദേശം ബുധനാഴ്ചവരെ തുടരും. ലണ്ടന്‍ നഗരത്തില്‍ എല്ലായിടത്തും മുപ്പത് ഡിഗ്രിക്ക് മുകളിലായിരുന്നു ഇന്നലെ താപനില.
ഇതിനു മുമ്പ് ഈ വര്‍ഷം ഏറ്റവും ഉയര്‍ന്ന ചൂട് അനുഭവപ്പെട്ടത് ജൂലൈ മുപ്പതിനായിരുന്നു, 32 ഡിഗ്രി. 1961 മുതല്‍ ഇതുവരെ പതിനൊന്നു തവണ മാത്രമാണ് പകല്‍ താപനില 34 ഡിഗ്രിക്ക് മുകളില്‍ എത്തിയിട്ടുള്ളത്. ഇതില്‍ ആറുതവണയും പത്തുവര്‍ഷത്തിനുള്ളിലാണ് സംഭവിച്ചത്. അതിലൊരു ദിനമായിരുന്നു ഇന്നലെ. കാലാവസ്ഥയിലുണ്ടാകുന്ന ഗൗരവമായ വ്യതിയാനം വ്യക്തമാക്കുന്നതാണ് ഈ കണക്ക്.
ഇതിനു മുമ്പ് 2022 ജൂലൈയില്‍ ലിങ്കണ്‍ ഷെയറിലാണ് ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചൂട് രേഖപ്പെടുത്തിയിട്ടുള്ളത്. 40.3 ഡിഗ്രിയാണ് ഈ റെക്കോര്‍ഡ് താപനില. കനത്ത ചൂടിനു പിന്നാലെ വരുംദിവസങ്ങളില്‍ രാജ്യത്തിന്റെ പലഭാഗത്തും അതിശക്തമായ ഇടിയോടെ മഴയും മെറ്റ് ഓഫിസ് പ്രവചിക്കുന്നുണ്ട്.