ബ്രക്‌സിറ്റിനുശേഷം യുകെയിലെ തൊഴില്‍ മേഖലയില്‍ ബ്രിട്ടീഷുകാരേക്കാള്‍ 'സ്വാധീനം' ഇന്ത്യക്കാര്‍ക്കും, നൈജീരിയന്‍ പൗരന്‍മാര്‍ക്കുമാണെന്ന് കണക്കുകള്‍. 2019 മുതല്‍ 2023 വരെ കാലത്തെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് സ്വദേശികളെ മറികടന്ന് ഈ രണ്ട് രാജ്യങ്ങളിലെ പൗരന്‍മാര്‍ കൂടുതല്‍ ജോലികള്‍ നേടിയെന്ന് വ്യക്തമാകുന്നത്.
വിവരാവകാശ അപേക്ഷ പ്രകാരം എച്ച്എംആര്‍സിയില്‍ നിന്നുള്ള ഡാറ്റ പ്രകാരമാണ് ഈ കാലയളവില്‍ തൊഴിലുകള്‍ നേടിയതില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിച്ചത് ഇന്ത്യന്‍ പൗരന്‍മാര്‍ക്കിടയിലാണെന്ന് വ്യക്തമായത്.
നൈജീരിയന്‍ പൗരന്‍മാര്‍ക്കിടയില്‍ 278,700 തൊഴിലുകള്‍ വര്‍ദ്ധിച്ചപ്പോള്‍ 2019 ഡിസംബര്‍ മുതല്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ കാലയളവില്‍ യുകെ പൗരന്‍മാര്‍ക്കിടയില്‍ 257,000 തൊഴിലുകളുടെ വര്‍ദ്ധന മാത്രമാണ് ഉണ്ടായത്. ഈ കാലത്ത് ആകെ 1.481 മില്ല്യണിലേറെ എംപ്ലോയ്‌മെന്റുകളാണ് സൃഷ്ടിക്കപ്പെട്ടത്. 1.465 മില്ല്യണിലേറെ തൊഴിലുകളും യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ആളുകള്‍ നേടിയെന്ന് മാത്രം!
2019 ഡിസംബര്‍ മുതല്‍ 2023 ഡിസംബര്‍ വരെ സമയത്ത് യുകെയിലെ ഇയു പൗര്‍മാര്‍ക്കിടയില്‍ 241,000 എംപ്ലോയ്‌മെന്റുകള്‍ കുറയുകയും ചെയ്തു. 2021 ജനുവരിയിലെ പോസ്റ്റ് ബ്രക്‌സിറ്റ് മൈഗ്രേഷന്‍ സിസ്റ്റം വന്നതോടെ സംഭവിച്ച അസാധാരണ മാറ്റങ്ങളാണ് എച്ച്എംആര്‍സി ഡാറ്റ വ്യക്തമാക്കുന്നതെന്ന് അപേക്ഷ നല്‍കിയ മുന്‍ മന്ത്രിയും, ടോറി എംപിയുമായ നീല്‍ ഒ'ബ്രയന്‍ ചൂണ്ടിക്കാണിച്ചു. യു കെയുടെ കുടിയേറ്റ സംവിധാനങ്ങള്‍, ഇ യു പൗരന്മാര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് അത്രയേറെ കര്‍ശന നിയന്ത്രണങ്ങള്‍ ഇല്ല എന്ന വസ്തുതയാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറയുന്നു.